ന്യൂഡൽഹി: ഭാരതത്തിന്റെ ട്രാക്കിലൂടെ അതിവേഗത്തിൽ കുതിയ്ക്കാൻ തയ്യാറെടുത്ത് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. നിർമ്മാണം പൂർത്തിയായ സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. ഉടൻ തന്നെ രാജ്യത്ത് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവ്വീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വന്ദേഭാരത് ട്രെയിനുകളുടെ ജനപ്രീതി കണക്കിലെടുത്താണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ സർവ്വീസിന് കേന്ദ്രസർക്കാർ തുടക്കമിടുന്നത്.
ഡിസംബർ 31 മുതലാണ് വന്ദേഭാരത് സ്ലീപ്പർ കോച്ച് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചത്. ഈ മാസം അവസാനം വരെ പരീക്ഷണ ഓട്ടം തുടരും. ഇതിന് ശേഷം ട്രെയിൻ സർവ്വീസ് സാധാരണ നിലയിൽ ആരംഭിക്കാനാണ് തീരുമാനം. മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ കഴിയും എന്നാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്.
വ്യാഴാഴ്ച കോട്ടാ ഡിവിഷനിൽ നിന്നുള്ള തീവണ്ടിയുടെ പരീക്ഷണ ഓട്ടം ആയിരുന്നു വിജയകരമായി പൂർത്തിയാക്കിയത്. ഇതിന്റെ വീഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ട്രെയിനിന്റെ വേഗത വ്യക്തമാക്കുന്ന 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പങ്കുവച്ചിട്ടുള്ളത്. സാധാരണക്കാർക്ക് പോലും അത്യാഡംബരവും സുഖപ്രദവുമായ യാത്ര വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പ്രധാനം ചെയ്യുന്നു.
വ്യാഴാഴ്ച രാജസ്ഥാനിലെ ബുണ്ടി ജില്ലയിൽ ആയിരുന്നു പരീക്ഷണ ഓട്ടം. കോട്ടയ്ക്കും ലബനുമിടയിൽ 30 കിലോമീറ്റർ ദൂരത്തിലായിരുന്നു പരീക്ഷണയോട്ടം സംഘടിപ്പിച്ചത്.
Discussion about this post