അപകടകാരികളായ മൃഗങ്ങളുടെ ആവാസകേന്ദ്രമായ വടക്കൻ സിംബാബ്വെയിലെ മഴക്കാടുകളിൽ അകപ്പെട്ടുപോയ എട്ടു വയസ്സുകാരനെ അത്ഭുതകരമായി കണ്ടെത്തി . അഞ്ചുദിവസങ്ങൾക്കുശേഷമാണ് എട്ടു വയസ്സുകാരൻ രക്ഷപ്പെട്ടത്. കാട്ടുപഴങ്ങൾ കഴിച്ചും കാട്ടരുവിയിൽ നിന്ന് വെള്ളം കുടിച്ചുമാണ് എട്ടുവയസ്സുകാരൻ ഇത്ര ദിവസം പിടിച്ചു നിന്നത്.
ഡിസംബർ 27 നാണ് കുട്ടിയെ കാണാതാവുന്നത്. വടക്കൻ സിംബാബ്വെയിലെ ഗ്രാമത്തിൽ നിന്ന് ടിനോടെൻഡ പുഡു എന്ന ബാലൻ വഴിതെറ്റി കൊടുംകാട്ടിൽ അകപ്പെട്ടു പോവുകയായിരുന്നു. ഗ്രാമത്തിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള മട്ടുസഡോണ നാഷണൽ പാർക്കിൽ അവശനിലയിലാണ് ബാലനെ കണ്ടെത്തിയത്. നിർജ്ജലീകരണം ബാധിച്ച് തളർന്ന അവസ്ഥയിലായിരുന്നു കുട്ടിയെ ജീവനോടെ കണ്ടെത്തിയത്.
അത്ഭുതകരമായ രക്ഷപ്പെടലാണ് ടിനോടെൻഡ പുഡുവിന്റെതെന്ന് പ്രാദേശിക പാർലമെന്റ് അംഗം പി. മുത്സ മുറോംബെഡ്‌സി സോഷ്യൽ മീഡിയയിൽ കുറിച്ചു. രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച എം പി പാർക്ക് റേഞ്ചർമാർക്കും കുട്ടിക്ക് വീട്ടിലേക്കു ശബ്ദം കേട്ട് ദിശ തിരിച്ചറിയുന്നതിനായി എല്ലാദിവസവും രാത്രി ഡ്രംസ് അടിച്ച ന്യാമിനിയമി കമ്മ്യൂണിറ്റിക്കും നന്ദി പറഞ്ഞു. എല്ലാറ്റിനുമുപരിയായി, ടിനോടെൻഡയെ നിരീക്ഷിച്ച് സുരക്ഷിതമായി വീട്ടിലേക്ക് നയിച്ചതിന് തങ്ങൾ ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
Discussion about this post