ന്യൂഡൽഹി; ഇന്ത്യയിലെ കളിപ്പാട്ടവ്യവസായത്തിൽ വൻ വളർച്ചയുണ്ടായതായി കണക്കുകൾ. 2015 നെ അപേക്ഷിച്ച് 2022-2023 കാലയളവിൽ ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി 239 ശതമാനം വർദ്ധിക്കുകയും ഇറക്കുമതി 52 ശതമാനം കുറയുകയും ചെയ്തു. ആഭ്യന്തരവ്യവസായ പ്രോത്സാഹന വകുപ്പിന് വേണ്ടി ലക്‌നൗ ഐഐഎം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
2014 മുതൽ 2020 വരെയുള്ള കാലത്ത് കളിപ്പാട്ട നിർമാണ കേന്ദ്രങ്ങളുടെ എണ്ണം രാജ്യത്ത് ഇരട്ടിയായി. ഇറക്കുമതി ഈ കാലയളിവിൽ 33 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറഞ്ഞു. കളിപ്പാട്ടമേഖല കയ്യടക്കിവച്ചിരിക്കുന്ന ചൈനയ്ക്കും വിയറ്റാമിനും വലിയ ഭീഷണിയാണ് ഇന്ത്യ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
കളിപ്പാട്ടങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 2020 ഫെബ്രുവരിയിൽ 20 ശതമാനത്തിൽനിന്ന് 60 ശതമാനമായും തുടർന്ന് 2023 മാർച്ചിൽ 70 ശതമാനമായും ഉയർത്തി. 2023-ലെ കണക്ക് പ്രകാരം 9600-ലധികം കളിപ്പാട്ടനിർമാണ യൂണിറ്റുകൾ ഉണ്ട്. ജർമനിയിൽ നടന്ന അന്താരാഷ്ട്ര കളിപ്പാട്ടമേളയിൽ ഇന്ത്യൻ നിർമാതാക്കൾക്ക് ലഭിച്ചത് 84.47 കോടിയുടെ ഓർഡർ.
കളിപ്പാട്ട വിപണിയിൽ മുന്നേറ്റം ഉണ്ടാക്കാൻ കേന്ദ്രസർക്കാർ പദ്ധതികളാണ് നേട്ടമായത്. ഇതിനായി രാജ്യത്തെ ആദ്യ കളിപ്പാട്ട മേളയായ ടോയ്കത്തോൺ, 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുവാദം, കളിപ്പാട്ട ക്ലസ്റ്റർ, വിദേശ കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിർബന്ധിത സർട്ടിഫിക്കേഷൻ, ഇന്ത്യൻ കളിപ്പാട്ടങ്ങളിലെ നവീകരണം തുടങ്ങിയ നടപടികളാണ് വിപണിയിലെ നേട്ടത്തിന് പിന്നിൽ.
Discussion about this post