തിരുവനന്തപുരം: തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് അൽപ്പം ആശ്വാസമെന്നോണം ശ്രീകാര്യം ഫ്‌ളൈഓവർ നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശ്രീകാര്യം, പട്ടം, ഉള്ളൂർ എന്നിവടങ്ങളിൽ ഫ്‌ളൈഓവറുകൾ നിർമ്മിക്കാൻ 2016 ലാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയതെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങിയ പദ്ധതിയ്ക്ക് ഇപ്പോഴാണ് ജീവൻവയ്ക്കുന്നത്. സെന്റിന് 21,06,000 രൂപ വരെ നഷ്ടപരിഹാരം നൽകി 1.34 ഹെക്ടർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുത്തത്.
ഫ്‌ളൈഓവർ നിർമ്മാണത്തോടനുബന്ധിച്ച് ശ്രീകാര്യം ജംഗ്ഷനിൽ നിന്ന് ചെമ്പഴന്തി,ചെറുവയ്ക്കൽ റോഡുകൾ 100 മീറ്റർ നീളത്തിൽ വീതി കൂട്ടി വികസിപ്പിക്കും. ശ്രീകാര്യം മുസ്ലിം പള്ളിക്കു സമീപം മുതൽ കല്ലമ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് വരെയാണ് ഫ്‌ലൈ ഓവർ നിർമിക്കുന്നത്. പാലത്തിനു താഴെ വാഹനപാർക്കിങ് ഏരിയയും പൂന്തോട്ടവും ഒരുക്കും. ശ്രീകാര്യം ജംക്ഷന്റെ സമഗ്ര വികസനം കൂടി പദ്ധതിയിൽ ഉൾപ്പെടും. നിർദിഷ്ട ലൈറ്റ് മെട്രോ പദ്ധതിയുടെ സാങ്കേതിക ആവശ്യകതകളും പരിഗണിച്ചാണ് ഫ്‌ലൈ ഓവറിന്റെ രൂപകൽപന. നഗരത്തിലേക്കുള്ള പ്രവേശന കവാടവും ഏറ്റവും തിരക്കേറിയ ജംക്ഷനുമായ ശ്രീകാര്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ഫ്‌ലൈ ഓവർ കൊണ്ടു വരുന്നത്.
കല്ലമ്പള്ളി മുതൽ ചാവടിമുക്ക് വരെ 535 മീറ്ററിൽ നാലുവരി പാതയുള്ളതാകും മേൽപ്പാലം. ഇരുവശത്തും 7 മീറ്റർ വീതിയിൽ സർവീസ് റോഡുമുണ്ടാകും. തിരുവനന്തപുരം നഗരത്തിലെ ഇടുങ്ങിയ ജങ്ഷനാണ് ശ്രീകാര്യം. നഗരത്തിലേക്ക് കടക്കാൻ കഴക്കൂട്ടം, ചെമ്പഴന്തി, ആക്കുളം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ എത്തിച്ചേരുന്നത് ശ്രീകാര്യത്തേക്കാണ്. നിർദിഷ്ട ലൈറ്റ് മെട്രോ പദ്ധതിയുടെ ആവശ്യകതയും ഉൾക്കൊള്ളിച്ചാണ് മേൽപ്പാലം രൂപകൽപ്പന.
Discussion about this post