മലപ്പുറം : നിലമ്പൂർ പൂച്ചപ്പാറയിലെ കാടിനുള്ളിലെ അളയിൽ അപ്പയെയും കത്തിരുന്നിരുന്ന 13 വയസ്സുകാരി മീനാക്ഷി ഇനി തനിച്ചാണ്. സെറിബ്രൽ പാൾസി, സൈട്രോ സഫാലസ് അസുഖബാധിതയായതിനാൽ ശരീരം ഒന്ന് അനക്കാൻ പോലും കഴിയാതെ കിടന്ന കിടപ്പിൽ കിടക്കുന്ന കുഞ്ഞു മീനാക്ഷിയുടെ പ്രിയപ്പെട്ട അപ്പയെ ആണ് ഇന്നലെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്. മീനാക്ഷിയുടെ അനിയത്തിമാരെ സ്കൂളിലാക്കിയ ശേഷം കരുളായിയിൽ നിന്നും വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി തിരികെ വരുന്നതിനിടയിൽ ആയിരുന്നു പൂച്ചപ്പാറയിലെ ചോലനായ്ക്ക യുവാവ് മണിയെ കാട്ടാന ക്രൂരമായി കൊലപ്പെടുത്തിയത്.
കാട്ടിലെ ഉയർന്ന പാറയിടുക്കുകളിലോ പാറകളോട് ചേർന്ന് നിർമ്മിച്ച ഷീറ്റ് കെട്ടിയ ചെറിയ ഷെഡുകളിലോ ജീവിച്ചു വരുന്നവരാണ് ചോലനായ്ക്കർ വിഭാഗം. കേരളത്തിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന വനവാസി വിഭാഗമാണ് ഗുഹാവാസികളായ ചോലനായ്ക്കർ. നിലമ്പൂർ ഉൾക്കാട്ടിൽ മാത്രം കാണപ്പെടുന്ന ഇവർ പൊതുവേ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്. കേരളത്തിലെ 5 PVT G ഗോത്ര വിഭാഗത്തിൽ ഉൾപ്പെടുന്ന ചോലനായ്ക്കരുടെ നിലവിലെ ജനസംഖ്യ വെറും 409 പേരാണ് . 101 കുടുംബങ്ങൾ മാത്രമേ ഇനി ഈ വിഭാഗത്തിൽ അവശേഷിക്കുന്നുള്ളൂ.
കരുളായി പഞ്ചായത്തിലെ നാട്ടുവഴികളിലൂടെ നടന്ന് 30 കിലോമീറ്റർ ഘോര വനം താണ്ടി വേണം ഇവരുടെ ഗ്രാമത്തിൽ എത്തിച്ചേരുവാൻ. കഴിഞ്ഞദിവസം തന്റെ കുട്ടികളെ അവധിക്കാലത്തിനുശേഷം നിലമ്പൂർ ഐ.ജി.എം.എം.ആർ. സ്കൂളിന്റെ ഹോസ്റ്റലിൽ ആക്കിയ ശേഷം മറ്റു രണ്ടുപേരുമായി മടങ്ങി വരുന്ന വഴിയാണ് മണിയെ കാട്ടാന ആക്രമിച്ചത്.
കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ചോലനായ്ക്കനാണ് മണി. 2017ൽ മാഞ്ചീരിയിൽ വന്ന് വനവിഭങ്ങൾ വിൽപ്പന നടത്തി റേഷനുമായി അളയിലേക്കു മടങ്ങുന്ന വഴിയാണ് കുപ്പമല കേത്തന്റെ മകൻ ശിവനെ കാട്ടാന ചവിട്ടിക്കൊന്നത്. 2022ലും കാട്ടാന ആക്രമണത്തിൽ ഒരു ചോലനായ്ക്കന് ജീവൻ നഷ്ടപ്പെട്ടു. ചോലനായ്ക്കരിലെ പ്രായംകൂടിയ കരിമ്പുഴ മാതനാണ് അന്ന് കൊല്ലപ്പെട്ടത്. ഒരാഴ്ച ശേഖരിച്ച വനവിഭങ്ങൾ വിൽപ്പന നടത്താൻ മാഞ്ചീരിയിലേക്ക് മലയിറങ്ങുന്നതിനിടെയായിരുന്നു മാതന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. കാട്ടാന ആക്രമിച്ച മണിയെ ഒന്നര കിലോമീറ്ററോളം ചുമന്നാണ് സഹോദരൻ അയ്യപ്പൻ കാട്ടിൽ നിന്നും പുറത്തെത്തിച്ചത്. പിന്നീട് ആംബുലൻസിൽ നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് കുറച്ച് സമയം മുൻപ് വരെ മണി സംസാരിച്ചിരുന്നതായും അയ്യപ്പൻ അറിയിച്ചിരുന്നു. കരുളായിയിൽ പ്രാഥമികചികിത്സയ്ക്ക് സൗകര്യമില്ലാത്തതാണ് മണിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മാതി ആണ് മണിയുടെ ഭാര്യ. അസുഖബാധിതയായ മീനാക്ഷിയെ കൂടാതെ മീര, മനു, മീന, മാതിരി ഇനി നാലു മക്കൾ കൂടിയാണ് മണിയ്ക്കുള്ളത്.
Discussion about this post