ന്യൂഡൽഹി : 2026 മാർച്ചിനുള്ളിൽ ഇന്ത്യയിൽ നിന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെ വേരോടെ പിഴുതെറിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരർ നടത്തിയ സ്ഫോടനത്തിൽ ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) എട്ട് ജവാന്മാരും ഒരു സിവിലിയൻ ഡ്രൈവറും കൊല്ലപ്പെട്ട സംഭവത്തിലാണ് അമിത് ഷാ ശക്തമായ പ്രതികരണം നടത്തിയത്. ഒരു സൈനികന്റെയും ത്യാഗം വെറുതെയാവില്ല എന്ന് കുടുംബങ്ങൾക്ക് ഉറപ്പു നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.
“ഛത്തീസ്ഗഢിലെ ബിജാപൂരിൽ ഐഇഡി സ്ഫോടനത്തിലുണ്ടായ ഡിആർജി സൈനികരുടെ നഷ്ടം സംബന്ധിച്ച വാർത്തയിൽ ഞാൻ വളരെ ദുഃഖിതനാണ്. ധീരരായ സൈനികരുടെ കുടുംബങ്ങളോട് ഞാൻ എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ സങ്കടം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയുന്നതല്ല, പക്ഷേ നമ്മുടെ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. 2026 മാർച്ചോടെ നക്‌സലിസം ഇന്ത്യയുടെ മണ്ണിൽ നിന്ന് വേരോടെ പിഴുതെറിയപ്പെടും ,” എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി തന്റെ സന്ദേശത്തിൽ വ്യക്തമാക്കിയത്.
തിങ്കളാഴ്ച രാവിലെ ആയിരുന്നു ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ കമ്മ്യൂണിസ്റ്റ് ഭീകരർ ഐഇഡി സ്ഫോടനം നടത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് സുരക്ഷാ സേനയ്‌ക്കെതിരെ കമ്മ്യൂണിസ്റ്റ് ഭീകരർ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. സ്ഫോടനത്തിൽ ജില്ലാ റിസർവ് ഗാർഡിലെ എട്ട് ജവാൻമാരും ഒരു സിവിലിയൻ ഡ്രൈവറും ആണ് കൊല്ലപ്പെട്ടത്.
Discussion about this post