ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തിയതികൾ പുറത്തുവിടുക. 70 നിയമസഭാ സീറ്റുകളാണ് ഡൽഹിയിൽ ഉള്ളത്.
നിലവിലെ സർക്കാരിന്റെ കാലാവധി അടുത്തമാസം 23 ന് പൂർത്തിയാകും. ഈ സാഹചര്യത്തിലാണ് ഡൽഹി വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നത്. തിയതി പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഡൽഹിയിൽ പെരുമാറ്റചട്ടം നിലവിൽ വരും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒറ്റഘട്ടമായിട്ടാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുക. 70 അംഗ നിയമസഭയിൽ 62 സീറ്റുകളും ആംആദ്മിയുടേത് ആണ്. 2015 ലും ആംആദ്മി ആയിരുന്നു തിരഞ്ഞെടുപ്പിൽ വിജയിച്ചത്. 67 സീറ്റുകളാണ് അന്നത്തെ തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
കഴിഞ്ഞ തവണയുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഒരു ദിവസം വൈകിയാണ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത്.
2020 ൽ ജനുവരി ആറിന് ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തിയതികൾ പുറത്തുവിട്ടത്. ഫെബ്രുവരി 8 ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം ഫെബ്രുവരി 11 ന് ആയിരുന്നു.
അതേസമയം സർക്കാരുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ആശങ്കയിലാണ് ആംആദ്മി. മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെ അറസ്റ്റിലായത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയ്ക്കും എന്നാണ് കരുതുന്നത്.
Discussion about this post