ന്യൂഡൽഹി: നിർണായക രംഗത്തേയ്ക്ക് ചുവടുവയ്പ്പ് നടത്തി അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി. റിഫൈനറി, പെട്രോ കെമിക്കൽ രംഗത്തേയ്ക്കാണ് അദാനി ചുവടുറപ്പിക്കുന്നത്. നിലവിൽ ഈ രംഗത്തെ ഭീമൻമാരായ റിലയൻസിന് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് അദാനിയുടെ പുതിയ പുതിയ നീക്കം.
തായ്‌ലൻഡിലെ ഇൻഡോരമ റിസോഴ്‌സസുമായി സഹകരിച്ചാണ് അദാനിയുടെ പുതിയ സംരംഭം. വേലർ പെട്രോ കെമിക്കൽസ് ലിമിറ്റഡ് എന്നാണ് അദാനി പുതിയ കമ്പനിയ്ക്ക് നൽകിയിരിക്കുന്ന പേര്. ഇതിൽ 50 ശതമാനം ഓഹരിയും അദാനി ഗ്രൂപ്പിനാണ്. മുംബൈ കേന്ദ്രീകരിച്ചാകും പുതിയ സംരംഭത്തിന്റെ പ്രവർത്തനം. രാസവളങ്ങൾ, പോളിമറുകൾ, ഫൈബർ, മെഡിക്കൽ ഗ്ലൗസുകൾ എന്നിവയുടെ പ്രധാന നിർമ്മാതാക്കളാണ് ഇൻഡോരമ.
അടുത്തിടെയായി രാജ്യത്തെ പെട്രോകെമിക്കൽ രംഗം അത്ഭുതാവഹമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അദാനിയുടെ നീക്കം. നിലവിൽ 18.48 ലക്ഷം കോടി രൂപയാണ് ഈ മേഖലയിൽ നിന്നും ഉണ്ടായിരിക്കുന്ന നേട്ടം. അടുത്ത വർഷത്തോടെ ഇത് 25.20 ലക്ഷം കോടി ആയി ഉയരുമെന്നാണ് വിലയിരുത്തുന്നത്.
മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ഈ രംഗത്ത് ശക്തമായ സ്വാധീനം ആണ് ചെലുത്തുന്നത്. ഇതിലേക്ക് തായ്‌ലൻഡിന്റെ സഹകരണത്തോടെ അംബാനി എത്തുന്നത് വലിയൊരു പോരാട്ടത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. സമീപ ഭാവിയിൽ രണ്ട് അതിസമ്പന്നർ വിപണിയ്ക്കായി നടത്തുന്ന മത്സരത്തിന് ലോകം സാക്ഷിയാകും.
Discussion about this post