ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അസദുദ്ദിൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മിന്റെ സ്ഥാനാർത്ഥികൾ ആകുന്നത് ഡൽഹി കലാപക്കേസ് പ്രതികൾ. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ എന്ന എഐഎംഐഎം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതിൽ നിലവിൽ പ്രഖ്യാപിച്ച രണ്ട് സീറ്റുകളിലെ സ്ഥാനാർത്ഥികൾ ഡൽഹി കലാപ കേസിലെ പ്രധാന പ്രതികളാണ്.
ഡൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മുൻ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈന്റെ സ്ഥാനാർത്ഥിത്വം ആണ് എഐഎംഐഎം ആദ്യം പ്രഖ്യാപിച്ചത്. ആം ആദ്മി പാർട്ടിയുടെ മുൻ കൗൺസിലർ ആയിരുന്ന താഹിർ ഹുസൈനെ ഡൽഹി കലാപത്തിൽ പ്രതിയായതോടെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു. ഡൽഹി തിരഞ്ഞെടുപ്പിൽ മുസ്തഫാബാദ് അസംബ്ലി മണ്ഡലത്തിൽ നിന്നുമാണ് എഐഎംഐഎം സ്ഥാനാർത്ഥിയായി താഹിർ ഹുസൈൻ മത്സരിക്കുന്നത്.
മുസ്തഫാബാദിൽ കൂടാതെ ഓഖ്‌ലയിലും എഐഎംഐഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത് ഡൽഹി കലാപ കേസിലെ പ്രതിയെ ആണ്. ജാമിഅ അലുംനി അസോസിയേഷൻ ചെയർമാനായ ഷഫാ ഉർ റഹ്മാൻ ഖാനെ ആണ് പാർട്ടി ഇവിടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 2020ലെ ഡൽഹി കലാപക്കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ജാമിയയിലും ഷഹീൻ ബാഗിലും നടന്ന സിഎഎ പ്രതിഷേധത്തിനിടെയും ഇയാൾ സജീവമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post