അബുദാബി : ആദ്യമായി ഇന്ത്യയുമായി ഉന്നത തല ചർച്ച നടത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ദുബായിൽ വച്ചാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുമായി താലിബാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തിയത്. അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് ഉൾപ്പെടെ ഇന്ത്യയിൽ നിന്നും സഹായം ആവശ്യപ്പെട്ടായിരുന്നു താലിബാൻ ആക്റ്റിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
അഫ്ഗാനുമായി ആരോഗ്യം, ക്രിക്കറ്റ് തുടങ്ങിയ മേഖലകളിൽ സഹകരിക്കുമെന്ന് ചർച്ചയിൽ ഇന്ത്യ അറിയിച്ചു. ഇറാനിൽ ഇന്ത്യ വികസിപ്പിക്കുന്ന ചാബഹാർ തുറമുഖത്തിൻറെ കാര്യത്തിലും ചർച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മേഖലയിലെ സുരക്ഷസ്ഥിതിയിൽ ഇന്ത്യയ്ക്കുള്ള ആശങ്കയും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി താലിബാൻ നേതാവിനെ അറിയിച്ചു.
അഫ്ഗാനുള്ള മാനുഷിക സഹകരണം തുടരുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. താലിബാൻ നേതൃത്വവുമായുള്ള ഇന്ത്യയുടെ ചർച്ചകൾ പ്രധാനമായും കൈകാര്യം ചെയ്തത് വിദേശകാര്യ മന്ത്രാലയത്തിൻ്റെ അഫ്ഗാനിസ്ഥാനിലെ പോയിൻ്റ് പേഴ്സണായ ജെ.പി സിംഗ് ആയിരുന്നു. അഫ്ഗാൻ മണ്ണ് ഇന്ത്യാ വിരുദ്ധർ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താലിബാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post