ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ഭിന്നതയിൽ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഡൽഹി തിരഞ്ഞെടുപ്പിൽ കോൺഗ്രസും എഎപിയും ഒറ്റക്ക് മത്സരിക്കുന്നതിനെ കുറിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ വിമർശനം.
പ്രതിപക്ഷം ഒന്നിച്ച് നിൽക്കാൻ തത്പര്യമില്ലെങ്കിൽ ഇൻഡി സഖ്യം പിരിച്ചുവിടുന്നതാണ് നല്ലതെന്ന് ഒമർ അബ്ദുള്ള തുറന്നടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഇൻഡി സഖ്യത്തിന്റെ ഭാവിയിൽ ആശങ്കയറിയിച്ച ഒമർ അബ്ദുള്ള സഖ്യത്തിൽ വിള്ളലുകൾ പ്രകടമാണെന്നും വ്യക്തമാക്കി. ഇൻഡി മുന്നണിയുടെ യോഗമൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സഖ്യം ഒരു സമ്മേളനവും സംഘടിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ, നേതൃത്വത്തെ കുറിച്ചോ ഭാവി അജണ്ടകളെ കുറിച്ചോ ഇൻഡി സഖ്യത്തിന്റെ നിലനിൽപ്പിനെ കുറിച്ചോ ഒന്നും വ്യക്തതയില്ല. ലോകസഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതായിരുന്നെങ്കിൽ ഇൻഡി സഖ്യം അവസാനിപ്പിക്കണം. അതല്ല, നിയമ സഭാ തിരഞ്ഞെടുപ്പിലും തുടരണമെന്നാണ് ആഗ്രഹമെങ്കിൽ, നാം ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.
Discussion about this post