തിരുവനന്തപുരം: വാഹനങ്ങളുടെ വേഗത നിരീക്ഷിക്കാന്‍ ജിയോ ഫെന്‍സിങ് നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. കെ എല്‍ ഐ ബി എഫ് ടോക്കില്‍ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി. വാഹനങ്ങളില്‍ ബാര്‍ കോഡ് പതിപ്പിക്കുകയും റോഡില്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെന്‍സിങ് കടന്നുപോകാന്‍ വാഹനങ്ങള്‍ എടുക്കുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കുകയും ചെയ്യും. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസന്‍സില്‍ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നതും പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകള്‍ വന്ന ലൈസന്‍സുകള്‍ സ്വയമേവ റദ്ദാകും. ഇത് നടപ്പാക്കുന്നതോടെ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ തടയാനാകും. ലൈസന്‍സ് നഷ്ടമായാല്‍ തിരികെ ലഭിക്കാനുള്ള നടപടികള്‍ എളുപ്പമാകില്ലെന്നും മന്ത്രി പറഞ്ഞു.
അതിനൊപ്പം തന്നെ റോഡ് കയ്യേറി നടത്തുന്ന കച്ചവടങ്ങള്‍, റോഡരികിലെ പാര്‍ക്കിംഗ് എന്നിവ കര്‍ശനമായി തടയും. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അംഗീകരിച്ചുകൊടുക്കാനാവില്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നപ്പേള്‍ പ്രതിഷേധമുണ്ടായി. അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷവും വിജയിക്കുന്ന ടെസ്റ്റില്‍നിന്ന് ഇപ്പോള്‍ വിജയം 50 ശതമാനമായി കുറഞ്ഞത് കാര്യക്ഷമമായ രീതിയില്‍ ടെസ്റ്റ് നടത്താന്‍ തുടങ്ങിയപ്പോഴാണ്.
റോഡിലിറങ്ങുന്ന എല്ലാവര്‍ക്കും ഗതാഗത സംസ്‌കാരം ബാധകമാണ്. പരസ്പര ബഹുമാനത്തോടെ പെരുമാറാന്‍ തയ്യാറാകണം. ആദ്യം വാഹനവുമായെത്തിയവരെയും കൂടുതല്‍ യാത്രക്കാരുള്ള വലിയ വാഹനങ്ങളെയും ആദ്യം കടന്നുപോകാന്‍ അനുവദിക്കണം.
തുച്ഛമായ ലാഭത്തിനു വേണ്ടിയാണ് പലപ്പോഴും ബസുകള്‍ അമിതവേഗത്തിലോടുന്നത്. ഒരു ജീവന്‍ പൊലിയുമ്പോള്‍ കുടുംബങ്ങളാണ് അനാഥമാകുന്നത്. കെ എസ് ആര്‍ ടി സി ബസുകള്‍ അപകടത്തില്‍പ്പെട്ട കേസുകള്‍ വര്‍ഷങ്ങളോളം നടത്തുമ്പോള്‍ ഒരു കോടി രൂപയോളമാണ് നഷ്ടം വരുന്നത്.ഡ്രൈവിംഗ് കുറ്റകൃത്യങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സിവിലിയന്‍ ആപ്പ് യുവാക്കള്‍ ഉപയോഗിക്കണം. മന്ത്രി പറഞ്ഞു.
Discussion about this post