2024 നവംബർ മാസത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ രണ്ട് പുതിയ ഇലക്ട്രിക് എസ്യുവികളായ BE 6, XEV 9E എന്നിവ പുറത്തിറക്കിയത്. ഈ രണ്ട് എസ്യുവികളുടെയും അടിസ്ഥാന വേരിയന്റുകളുടെ വില മാത്രമാണ് അന്ന് കമ്പനി പ്രഖ്യാപിച്ചത്. ബിഇ 6 വേരിയൻറിന് 26.9 ലക്ഷം രൂപയും, എക്‌സ്ഇവി 9ഇ വേരിയൻറിന് 30.5 ലക്ഷം രൂപയുമാണ് വില. ഇരു വേരിയൻറുകളും യഥാക്രമം 39,224/മാസം, 45,450/മാസം എന്നിങ്ങനെ പ്രത്യേക ഇഎംഐ സ്‌കീമിലൂടെയും ലഭ്യമാവും. ഘട്ടം ഘട്ടമായുള്ള ടെസ്റ്റ് ഡ്രൈവുകൾ 2025 ജനുവരി 14 മുതൽ ആരംഭിക്കും. 2025 ഫെബ്രുവരി 14ന് ഒരേസമയം ബുക്കിങുകൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. 2025 മാർച്ച് ആദ്യം ഡെലിവറികൾ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. മറ്റ് പായ്ക്കുകളുടെ വിശദാംശങ്ങളും ബുക്കിങുകളുടെ അടുത്ത ഘട്ടവും 2025 മാർച്ച് അവസാനത്തോടെ അപ്‌ഡേറ്റ് ചെയ്യും.മഹീന്ദ്ര ബിഇ 6-ന്റെ ടോപ്പ് വേരിയന്റിന്റെ ബുക്കിംഗ് അതായത് പാക്ക് 3 ഫെബ്രുവരി 14 മുതൽ ആരംഭിക്കും. ഇതുകൂടാതെ, മറ്റ് രണ്ട് വേരിയന്റുകളുടെ ബുക്കിംഗ് മാർച്ചിൽ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഈ വർഷം മാർച്ച് അവസാനത്തോടെ ഇവയുടെ വിതരണം ആരംഭിക്കാനാകും.
59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളാണ് ബി ഇ 6 ൽ. ആദ്യത്തേതിൽ 228എച്ച്പിയും രണ്ടാമത്തേതിൽ 281എച്ച്പിയുമാണ് കരുത്ത് പരമാവധി ടോർക്ക് രണ്ടിലും 380എൻഎം. ആദ്യഘട്ടത്തിൽ റിയർ വീൽ ഡ്രൈവ് മാത്രമാണ് ലഭ്യമാവുക. ഭാവിയിൽ ഓൾവീൽ ഡ്രൈവ് മോഡലിന് സാധ്യതയുണ്ട്. 6.7 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കീലോമീറ്റർ വേഗത്തിലേക്ക് കുതിക്കും. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ. 10 സെക്കൻഡ് പരമാവധി ടോർക്ക് നൽകുന്ന ബൂസ്റ്റ് മോഡും അധികമായുണ്ട്. വലിയ ബാറ്ററിയിൽ 682 കിലോമീറ്ററാണ്(ARAI) റേഞ്ച്. ചെറിയ ബാറ്ററി പാക്കിൽ 535 കിലോമീറ്ററിലേക്ക്(ARAI) റേഞ്ച് കുറയും. 175kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ ബാറ്ററിയുടെ ചാർജ് 20 ശതമാനത്തിൽ നിന്നും 80 ശതമാനത്തിലേക്കെത്താൻ 20 മിനിറ്റ് മതി.11.2kW എസി ചാർജറും കമ്പനി നൽകുന്നുണ്ട്. ഇതിൽ പൂജ്യത്തിൽ നിന്നും മുഴുവൻ ചാർജിലേക്കെത്താൻ വലിയ ബാറ്ററിയിൽ 8 മണിക്കൂറും ചെറുതിൽ ആറു മണിക്കൂറും വേണ്ടി വരും. 7.3kWh എസി ചാർജറിലാണെങ്കിൽ ചാർജിങ് സമയം യഥാക്രമം 11.7 മണിക്കൂറിലേക്കും 8.7 മണിക്കൂറിലേക്കും ഉയരും. അഡ്ജസ്റ്റബിൾ റീജനറേറ്റീവ് ബ്രേക്കിങ്, ഇലക്ട്രിക്ക് പവർ സ്റ്റീറിങ് വിത്ത് വേരിയബിൾ ഗിയർ റേഷ്യോ, സെമി ആക്ടീവ് സസ്പെൻഷൻ, ബ്രേക്ക് ബൈ വയർ ടെക്നോളജി, നാലു വീലിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.
ഇൻഗ്ലോ പ്ലാറ്റ്ഫോമിലാണ് XEV 9eയെ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ബിഇ 6ഇയെ പോലെ 59kWh, 79kWh എൽഎഫ്പി ബാറ്ററി ഓപ്ഷനുകൾ. ബാറ്ററി പാക്കിന് ലൈഫ്ടൈം വാറണ്ടി. 175kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 20 ശതമാനത്തിൽ നിന്നും 80 ശതമാനത്തിലേക്ക് 20 മിനിറ്റിൽ ചാർജു ചെയ്യാം. 79kWh ബാറ്ററിയുടെ റേഞ്ച് 656 കിലോമീറ്റർ. പ്രായോഗിക സാഹചര്യങ്ങളിൽ 500 കിലോമീറ്ററിൽ കുറയാത്ത റേഞ്ച് പ്രതീക്ഷിക്കാം.മഹീന്ദ്രയുടെ ത്രീ ഇൻ വൺ പവർ ട്രെയിനാണ് XEV 9eയിലുള്ളത്. മോട്ടോറും ഇൻവെർട്ടറും ട്രാൻസ്മിഷനും ചേർന്നതാണിത്. 79kWh ബാറ്ററി 286എച്ച്പി കരുത്തും പരമാവധി 380എൻഎം ടോർക്കും പുറത്തെടുക്കും. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കീമി വേഗത്തിലേക്കെത്താൻ 6.7 സെക്കൻഡ് മതി. 59kWh ബാറ്ററിയിൽ 231എച്ച്പി മോട്ടോറാണുള്ളത്. മുന്നിലും പിന്നിലും ഡിസ്‌ക് സെറ്റ് അപ്പും ബ്രേക്ക് ബൈ വയർ സിസ്റ്റവും വാഹനം എളുപ്പം നിയന്ത്രിക്കാൻ സഹായിക്കുന്നു.
Discussion about this post