കൊച്ചി; ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്.ഭാരത് സീരിസ് (ബി.എച്ച്) പ്രകാരം രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കും കേരള വാഹന നികുതി നിയമ പ്രകാരമുള്ള നികുതിയാണ് ബാധകമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭാരത് സീരീസ് പ്രകാരം വാഹനം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് ഡി.കെ. സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.ഒന്നിലധികം സംസ്ഥാനങ്ങളിൽ ജോലിചെയ്യേണ്ടിവരുന്നവർക്ക് വ്യത്യസ്ത വാഹന രജിസ്‌ട്രേഷൻ മൂലമുണ്ടാകുന്ന പ്രയാസം ഒഴിവാക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച സംവിധാനമാണ് ബി.എച്ച്. രജിസ്‌ട്രേഷൻ.
കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോൾ വീണ്ടും രജിസ്‌ട്രേഷൻ ആവശ്യമില്ല. സംസ്ഥാന രജിസ്‌ട്രേഷനുളള വാഹനങ്ങൾ ഒരു വർഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാൻ രജിസ്‌ട്രേഷൻ മാറ്റേണ്ടതുണ്ട്.ഒരു വാഹനത്തിന് ബി.എച്ച് രജിസ്‌ട്രേഷൻ എടുത്താൽ ഉപയോഗിക്കുന്ന സംസ്ഥാനത്ത് രണ്ടുവർഷത്തെ നികുതി അടച്ചാൽ മതി.
BH രജിസ്ട്രേഷൻ നടപടികൾ സമ്പൂർണമായും ഓൺലൈനിൽ തന്നെ ലഭ്യമാകും. ആർടിഒ ഓഫീസുകളിൽ പോകേണ്ടതില്ലെന്ന് ചുരുക്കം. ഒരു പുതിയ കാർ വാങ്ങുമ്പോൾ കാർ വാങ്ങുന്നയാളുടെ പേരിൽ വാഹൻ പോർട്ടലിലെ ഫോം 20 ഉപയോഗിച്ച് ഡീലർ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കും. ഭാരത് സീരീസ് അല്ലെങ്കിൽ BH സീരീസ് ആയി വാഹനത്തിന്റെ രജിസ്‌ട്രേഷനായി ഡീലർ സീരീസ് തരം തെരഞ്ഞെടുക്കേണ്ടതുണ്ട്. വാഹൻ പോർട്ടലിൽ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുമ്പോൾ ഡീലർ കാർ വാങ്ങുന്നയാൾക്കുള്ള വർക്കിംഗ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യും. വർക്കിംഗ് സർട്ടിഫിക്കറ്റ് രേഖകളിൽ ഫോം 60 അല്ലെങ്കിൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡും നൽകേണ്ടതുണ്ട്. ഇതിനുപുറമെ ഡീലർ മറ്റ് രേഖകളും സമർപ്പിക്കേണ്ടതുണ്ട്.
2021ലാണ് ഭാരത് സീരീസ് എന്ന സംവിധാനത്തിനായി കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്.ആദ്യം പുതിയവാഹനങ്ങൾക്ക് മാത്രമാണ് ബിഎച്ച് രജിസ്‌ട്രേഷൻ അനുവദിച്ചിരുന്നത്. പുതിയ വിജ്ഞാപനം പ്രകാരം പഴയ വാഹനങ്ങൾക്കും ബിഎച്ച് സീരീസിൽ രജിസ്റ്റർ ചെയ്യാം.
Discussion about this post