റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടതായി റിപ്പേര്‍ട്ട്.ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലാണ് സംഭവം.മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചായിരുന്നു കൂട്ടക്കൊല. നാല് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്.പതിനാറ് ഗ്രാമീണരെ മാവോയിസ്റ്റുകള്‍ വധിച്ചതായി ബാസ്തര്‍ റെയിഞ്ച് ഐ.ജി എസി.ആര്.പി കല്ലൂരി ജഗ്ദല്‍പൂരില്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.സംഭവത്തെ കുറിച്ച് പോലിസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
ഗ്രാമീണരെ വിചാരണ നടത്തി കൊല ചെയ്യുകയായിരുന്നു എന്നാണ് പോലിസ് റിപ്പോര്‍ട്ട്. അബുജ്മദ് മേഖലയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് കൂട്ടക്കൊല നടന്നത്. നക്സലുകള്‍ക്ക് സ്വാധീനമുളള ബാസ്തര്‍ മേഖലയിലാണ് അബുജ്മദ് ഉള്‍പ്പെടുന്നത്. ഇവിടുത്തെ നേതാനര്, ആല്ബേഡ, പര്പാ, മത്ബേഡ, കുണ്ടല തുടങ്ങിയ ഗ്രാമങ്ങളിലെ ആളുകളെയാണ് മാവോയിസ്റ്റുകള്‍ പിടിച്ചുകൊണ്ടു പോയത്. ഗ്രമീണരെ കഴിഞ്ഞ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി വിചാരണ ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായതായി നാരായണ്‍പൂര്‍ എസ്.പി അഭിഷേക് മീണ പറഞ്ഞു. പതിനാറോളം പേരെ കാണാതായെന്നാണ് ഗ്രാമീണര്‍ പൊലീസിനു നല്‍കിയിരിക്കുന്ന വിവരം. കണ്ടെടുത്ത നാല് മൃതദേഹങ്ങളില്‍ മൂന്നെണ്ണം കുഴിച്ചിട്ട നിലയിലായിരുന്നു. അത്യന്തം ദുര്‍ഘടമായ പാതയായതിനാല്‍ ഉള്‍ക്കാട്ടിലെ ഗ്രാമങ്ങളിലേക്ക് എത്തിച്ചേരാന്‍ ഒരാഴ്ചയോളം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അജയ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. നക്സലുകളുടെ യഥാര്‍ത്ഥ മുഖമാണ് വെളിപ്പെട്ടിരിക്കുന്നതെന്നും ഈ നരാധമന്മാര്‍ക്കെതിരായ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post