ഇന്നത്തെ കാലത്ത് ഏറെ പരിചിതവും ജനപ്രിയവുമായ ആശയവിനിമയ സംവിധാനമാണ് വീഡിയോകോൾ. ഇന്റർനെറ്റിന്റെ സഹായത്തോടെ ലോകത്തിന്റെ ഏത് കോണിലെയും ആളുകൾക്ക് പരസ്പരം കണ്ട് സംസാരിക്കാനുള്ള സംവിധാനമാണ് ഇത് ഒരുക്കുന്നത്. കോവിഡ് മഹാമാരിക്കാലത്താണ് വീഡിയോകോൾ പ്രചാരത്തിലായത്.
എന്നാൽ ഒന്ന് ചോദിക്കട്ടെ,വീഡിയോൾ ചെയ്ത് കൊണ്ടിരിക്കുമ്പോൾ സ്‌ക്രീനിൽ കാണുന്ന സ്വന്തം മുഖത്തിലേയ്ക്ക് ഇടയ്ക്കിടെ ശ്രദ്ധ പേകാറുണ്ടോ? എന്നാൽ അറിഞ്ഞോളൂ. നിങ്ങൾക്ക് മാത്രമല്ല ലോകത്തെ പലയാളുകൾക്കിടയിലും കണ്ട് വരുന്ന ഒരു പ്രവണതയാണിത്. ബോസ്റ്റൺ യൂണിവേഴ്‌സിറ്റി കോസ്‌മെറ്റിക് ആന്റ് ലേസർ സെന്റർ അടുത്തിടെ നടത്തിയ പഠനത്തിൽ ആളുകൾക്കിടയിൽ ഈ ശീലം വ്യാപകമാണെന്നും ഇത് സൗന്ദര്യത്തെക്കുറിച്ചുള്ള വേവലാതി വർധിപ്പിക്കുന്നുവെന്നും കണ്ടെത്തി. വീഡിയോ കോളുകളിൽ തങ്ങളുടെ പ്രതിച്ഛായ ഡിജിറ്റൽ രൂപത്തിൽ കാണുന്നത് ബോഡി ഡിസ്മോർഫിക് ഡിസോർഡർ (BDD) പോലുള്ള ബോഡി ഇമേജ് പ്രശ്നങ്ങൾക്കും കാരണമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. വീഡിയോ കോൺഫറൻസിങ് ഡിസ്‌മോർഫിയ എന്നാണ് ഈ പ്രതിഭാസത്തിന് ഗവേഷകർ പേര് നൽകിയിരിക്കുന്നത്.
അമേരിക്കയിലെ 545 പേരാണ് പഠനത്തിന്റെ ഭാഗമായത്. പഠനത്തിൽ 56 ശതമാനം ആളുകൾക്കും സൗന്ദര്യ വർധക വസ്തുക്കൾക്കായുള്ള തങ്ങളുടെ ആഗ്രഹം വർധിച്ചതായി പ്രതികരിച്ചു. എന്നാൽ 57.8 ശതമാനം ആളുകൾ സ്‌ക്രീനിൽ തങ്ങളുടെ രൂപഭാവം മെച്ചപ്പെടുത്തുന്നതിനായി ഫിൽട്ടറുകൾ ഉപയോഗപ്പെടുത്തിയതായും പറയുന്നു.ഇത് അവരുടെ അരക്ഷിതാവസ്ഥയും ആത്മബോധവും കൂടുതൽ വഷളാക്കുമെന്നും ഗവേഷകർ പറയുന്നു
Discussion about this post