ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഡൽഹിയിലെ പ്രമുഖ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് പിടിയിലായത്. കുട്ടിയുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഡൽഹിയിലെ വിവിധ സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം പ്ലസ് ടു വിദ്യാർത്ഥിയിൽ എത്തി നിൽക്കുകയായിരുന്നു. 23 സ്‌കൂളുകളിലേക്ക് ആയിരുന്നു വിദ്യാർത്ഥി ഭീഷണി സന്ദേശം അടങ്ങിയ ഇ മെയിൽ അയച്ചത്.
ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
പരീക്ഷ ഭയന്നാണ് കുട്ടി സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശം അയച്ചത് എന്നാണ് വ്യക്തമാകുന്നത്. പരീക്ഷകൾക്കായി വിദ്യാർത്ഥി തയ്യാറെടുത്തിരുന്നില്ല. ഇതേ തുടർന്ന് പരീക്ഷയിൽ നിന്നും ഒഴിവാകുന്നതിന് വേണ്ടി സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശങ്ങൾ അയക്കുകയായിരുന്നു. സ്വന്തം സ്‌കൂളിലേക്ക് ഇ-മെയിൽ അയക്കാൻ ആയിരുന്നു കുട്ടി ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ പിടിക്കപ്പെടുമെന്ന് കരുതി മറ്റ് സ്‌കൂളുകളിലേക്ക് മെയിൽ അയക്കുകയായിരുന്നു.
സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ കഴിഞ്ഞ ദിവസവും വിദ്യാർത്ഥികൾ പിടിയിലായിരുന്നു. രണ്ട് വിദ്യാർത്ഥികൾ ആയിരുന്നു അന്ന് പിടിയിലായത്. പരീക്ഷയ്ക്ക് പഠിക്കാത്തതിനാലായിരുന്നു വിദ്യാർത്ഥികൾ സ്‌കൂളുകൾക്ക് നേരെ ഭീഷണി മുഴക്കിയത്.
Discussion about this post