ഒട്ടാവ: ഭീകരസംഘടനയായ ഹിസ്ബ് ഉത് തഹീറിന്റെ നേതൃത്വത്തിലുള്ള വാർഷിക സമ്മേളനത്തിന് വേദിയൊരുക്കി കാനഡ. ഒന്റാറിയോയിലെ മിസിസാഗയിൽ ഈ വരുന്ന ജനുവരി 18 നാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഇസ്ലാമിക ഖിലാഫത്ത് നടപ്പാക്കണമെന്ന് വാദിക്കുന്ന ഭീകരസംഘടനയാണ് ഹിസ്ബ് ഉത് തഹീർ. ഇസ്ലാമിക ഖിലാഫത്തിന്റെ പുനഃസ്ഥാപനവും ശരിയത്ത് നിയമം നടപ്പിലാക്കണമെന്നതുമാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട.
ഭീകര സംഘടന കാനഡയിൽ സമ്മേളനം നടത്തുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് ആഗോളതലത്തിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്. രാജ്യത്ത് ഭീകരസംഘടനകൾക്ക് പ്രോത്സാഹനം നൽകിയെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം രാജിവെച്ച് ഇറങ്ങിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യൻ സർക്കാര് ഹിസ്ബ് ഉത് തഹീറിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. പലസ്തീൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയാണിത്. യുവാക്കളെ തീവ്രവാദ സംഘടനകളിൽ ചേരുന്നതിന് പ്രേരിപ്പിക്കുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുക . ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ ഈ സംഘടന ഏർപ്പെട്ടിട്ടുണ്ട്. ഭീകരതയുടെ ശക്തികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്ത് ഭാരതം സുരക്ഷിതമാക്കാൻ മോദി സർക്കാറിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ നടപടിയെന്ന് അമിത് ഷാ സംഘടനയെ നിരോധിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു.
Discussion about this post