തിരുവനന്തപുരം: കാട്ടായിക്കോണത്ത് വീട് കുത്തി തുറന്ന് മോഷണം നടന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. കാട്ടായിക്കോണം ഒരുവാന്‍മൂല ഉത്രാടം വീട്ടില്‍ ചന്ദ്രബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.
പൂട്ടിയിട്ടിരുന്ന വീട്ടിലാണ് മോഷണം നടന്നത്. അഞ്ചു മാസമായി ചന്ദ്രബാബുവും കുടുംബവും മകളോടൊപ്പം അടൂരാണ് താമസിച്ചിരുന്നത്. വീട് പൂട്ടിയിട്ട് പോയതിനാല്‍ വീട്ടിലെ ചെടി നനയ്ക്കുന്നതിനും മറ്റുമായി ഒരു ആസാം സ്വദേശിയെ ഏര്‍പ്പാടാക്കിയിരുന്നു. പതിവ് പോലെ കഴിഞ്ഞ ദിവസവും ചെടി നനയ്ക്കാനായി ആസാം സ്വദേശി എത്തിയിരുന്നു. അപ്പോഴാണ് വീടിന്റെ സൈഡ് ഡോര്‍ കുത്തി തുറന്നു കിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് ഉടന്‍ തന്നെ തൊട്ടടുത്ത് താമസിക്കുന്ന ചന്ദ്രബാബുവിന്റെ സഹോദരനായ സുരേഷ് ബാബുവിനെ ഇയാള്‍ വിവരം അറിയിക്കുകയായിരുന്നു. അതിനു ശേഷമാണ് ഇവര്‍ പോത്തന്‍കോട് പൊലീസില്‍ വിവരം അറിയിക്കുന്നത്.
ഏകദേശം എട്ടേകാല്‍ പവനും 70,000 രൂപയും നഷ്ടപ്പെട്ടതായാണ് പരാതി. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ രണ്ട് വിരലടയാളം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം.
Discussion about this post