സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളുടെ പഴയവാഹനങ്ങള്‍ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേയ്‌സ് (ജെം) വഴി വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര തീരുമാനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് മൂവായിരത്തിലധികം സര്‍ക്കാര്‍ വാഹനങ്ങള്‍ മുമ്പ് തന്നെ ഒഴിവാക്കിയിരുന്നു.നിലവില്‍ സംസ്ഥാനത്ത് അംഗീകൃത വാഹനപൊളിക്കല്‍ കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവ ഇതുവരെ പൊളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പല സംസ്ഥാനങ്ങളിലും വാഹനപൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജെം വഴി ഇ-ലേലത്തിന് വച്ചാല്‍ ഇവര്‍ക്ക് ഈ വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കും.
2021 ഓഗസ്റ്റിലാണ് പഴയ വാഹനങ്ങള്‍ പൊളിക്കാനായി കേന്ദ്രസര്‍ക്കാര്‍ ദേശീയ വാഹനം പൊളിക്കല്‍ നയത്തിന് (നാഷണല്‍ വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി) രൂപം നല്‍കിയത്. ഈ നയമനുസരിച്ച് യാത്രാവാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് കാലാവധി. ഇതിന് ശേഷം ഫിറ്റ്നെസ് പരീക്ഷയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ പൊളിക്കേണ്ടി വരും. മാത്രവുമല്ല ഈ കാലാവധി കഴിഞ്ഞാല്‍ രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള ചാര്‍ജും വന്‍തോതില്‍ വര്‍ധിക്കും.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊളിക്കല്‍ നയം ബാധകമാണ്. അതായത് പതിനഞ്ച് വര്‍ഷം ഉപയോഗിച്ച വാഹനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളും പൊളിക്കാന്‍ കൊടുക്കണം. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കണമെന്ന കേന്ദ്രനിര്‍ദേശ പ്രകാരം വാഹനം പൊളിക്കല്‍കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഉടന്‍ ടെന്‍ഡര്‍ വിളിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്?കുമാര്‍ നിയമസഭയില്‍ കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു.
കാലപ്പഴക്കമുള്ള വണ്ടികള്‍ പൊളിക്കാനുള്ള കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ച് ഇപ്പോള്‍ കേരളത്തിലും വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ വരുന്നുണ്ട്. മൂന്ന് മേഖലകളിലായി മൂന്ന് പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനാണ് തീരുമാനം. തെക്കന്‍ മേഖലയിലേത് തിരുവനന്തപുരത്ത് വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കല്‍ കേന്ദ്രം സജ്ജമാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് പകരം റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള ബ്രെത്ത്വെയിറ്റ് ആന്‍ഡ് കോ ലിമിറ്റഡുമായി ചേര്‍ന്നാണ് തിരുവനന്തപുരത്ത് പൊളിക്കല്‍ കേന്ദ്രം തുടങ്ങുന്നത്. ഇതിനായി കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ബ്രത്ത്വെയിറ്റിന് കൈമാറും. ഇവിടെ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതഭാഗം കെ.എസ്.ആര്‍.ടി.സിക്ക് നല്‍കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
Discussion about this post