കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അതിർത്തി കടന്ന് എത്തിയ കന്നുകാലിക്കടത്ത് സംഘം ബിഎസ്എഫിനെ കണ്ടപ്പോൾ തിരികെ ഓടി. നോർത്ത് 24 പർഗനാസ് ജില്ലയിലെ ഇന്തോ- ബംഗ്ലാ അതിർത്തിയിൽ ആയിരുന്നു സംഭവം. സംഘത്തിൽ നിന്നും 10 കാളകളെയും സുരക്ഷാ സേന മോചിപ്പിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഖുട്ടാദഹ് അതിർത്തി പോസ്റ്റ് കടന്നാണ് സംഘം ഇന്ത്യയിലേക്ക് എത്തിയത്. ഇവരുടെ പക്കൽ വാളും കുന്തവും ഉൾപ്പെടെയുള്ള മാരകായുധങ്ങളും ഉണ്ടായിരുന്നു. സുരക്ഷാ സേനയെയും മറ്റ് കള്ളക്കടത്ത് സംഘങ്ങളെയും പ്രതിരോധിക്കുന്നതിന് വേണ്ടിയായിരുന്നു ഇവർ മാരകായുധങ്ങൾ കയ്യിൽ കരുതിയിരുന്നത്.
അന്താരാഷ്ട്ര അതിർത്തി കടക്കുന്നതിനിടെ ഈ സംഘം പട്രോളിംഗ് നടത്തുകയായിരുന്നു സേനാംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഇവരോട് തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് അവർ അവഗണിച്ചു. ഇത് മാത്രവുമല്ല അതിർത്തി വേലി നശിപ്പിക്കുകയും ചെയ്തു. ഇതോടെ ബിഎസ്എഫ് തോക്ക് പ്രയോഗിക്കുകയായിരുന്നു.
തോക്കിന്റെ ശബ്ദം കേട്ട് ഭയന്ന കള്ളക്കടത്ത് സംഘം ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു. ഇതിനിടെ കാളകളെയും മാരാകായുധങ്ങളും അതിർത്തിയിൽ ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് കുന്തങ്ങൾ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post