കോഴിക്കോട്: ക്രിസ്മസ് ദിനത്തിൽ പാണക്കാട് തങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചതിനെ വിമർശിച്ച് കാന്തപുരം വിഭാഗവും രംഗത്തെത്തി. മറ്റ് മതങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഇസ്ലാമികമായി ശരിയല്ലെന്നും അപകടം ഉണ്ടാക്കുമെന്നും എപി സമസ്ത മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി കുറ്റപ്പെടുത്തി.മറ്റുസമുദായക്കാരുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് തെറ്റാണെന്ന് എസ്.കെ.എസ്.എസ്.എഫ്. നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാന്തപുരം വിഭാഗത്തിന്റെയും വിമർശനം ഉണ്ടായിരിക്കുന്നത്.
മറ്റ് മതസ്ഥരോട് മതസൗഹാർദ്ദത്തിന്റെ ഭാഗമായി മനുഷ്യരെന്ന നിലയ്ക്ക് ഇടപെടാം. സൗജന്യങ്ങളും സഹായങ്ങളും സഹകരണങ്ങളും ആകാം. അവർക്ക് ഭക്ഷണവും വസ്ത്രവും രോഗചികിത്സയ്ക്കായും സഹായിക്കാം. വ്യക്തിപരമായ വേദികളിൽ പങ്കെടുക്കാം. എന്നാൽ നൂറ് ശതമാനം ഇസ്ലാമിക വിരുദ്ധമായ മറ്റ് മതക്കാരുടെ മതപരമായ ആചാര-ആഘോഷ അനുഷ്ടാനങ്ങളിലും അവരുടെ ആരാധനാലയങ്ങളുടെ നിർമ്മാണത്തിനും ദൈവികമായ പ്രതിഷ്ഠകളിലും ഖാസിമാരും മുസ്ലീം പണ്ഡിതരും പങ്കെടുക്കുന്നത് ശരിയല്ലെന്നും അത് ഇസ്ലാമികമായി വളരെ അപകടം ചെയ്യുമെന്നും അബ്ദുൽ ജലീൽ സഖാഫി വ്യക്തമാക്കി.
ക്രിസ്മസിനോട് അനുബന്ധിച്ച് സാദിഖലി തങ്ങൾ കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ചിരുന്നു. മലാപ്പറമ്പിലെ ബിഷപ് ഹൗസിലെത്തിയ തങ്ങൾ സമ്മാനങ്ങൾ കൈമാറുകയും കെയ്ക്ക് മുറിച്ച് പങ്കിടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്.
Discussion about this post