ഹൈദരാബാദ് : തെലുങ്ക് താരങ്ങളായ വെങ്കിടേഷിനും റാണ ദഗ്ഗുബാട്ടിക്കും കുടുംബത്തിനും എതിരെ കേസെടുത്ത് പോലീസ്. ഹോട്ടൽ തകർത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ദഗ്ഗുപതി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പാട്ട വ്യവസ്ഥയിൽ ഹോട്ടൽ നടത്തിയിരുന്ന വ്യക്തിയാണ് പരാതി നൽകിയിരിക്കുന്നത്.
വെങ്കിടേഷ് ദഗ്ഗുബാട്ടി, അദ്ദേഹത്തിൻ്റെ സഹോദരനും നിർമ്മാതാവുമായ സുരേഷ് ദഗ്ഗുബാട്ടി, സുരേഷിൻ്റെ മകനും നടനുമായ റാണ ദഗ്ഗുബാട്ടി, റാണയുടെ സഹോദരനും നിർമ്മാതാവുമായ അഭിറാം ദഗ്ഗുബാട്ടി എന്നിവർക്കെതിരെയാണ് ഹൈദരാബാദ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 448, 452, 458, 120 ബി (അതിക്രമം, ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഫിലിം നഗറിലെ ഡെക്കാൻ കിച്ചൻ ഹോട്ടൽ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. തെലങ്കാനയിലെ എംഎൽഎ കുംഭകോണത്തിൽ പങ്കുള്ളതായി പറയപ്പെടുന്ന വിവാദ വ്യവസായി നന്ദകുമാർ ആണ് പരാതിക്കാരൻ. ദഗ്ഗുബാട്ടി കുടുംബം ഫിലിം സിറ്റിയിൽ തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ഏതാനും വർഷങ്ങളായി നന്ദകുമാറിന് പാട്ടത്തിന് നൽകിയിരിക്കുകയായിരുന്നു. ഈ സ്ഥലത്താണ് ഇയാൾ ഡെക്കാൻ കിച്ചൻ എന്ന ഹോട്ടൽ നടത്തിയിരുന്നത്. പാട്ടക്കരാർ സംബന്ധിച്ച് ഉണ്ടായ തർക്കങ്ങളെ തുടർന്ന് ദഗ്ഗുബാട്ടി കുടുംബം തങ്ങളുടെ സ്ഥലം തിരികെ നൽകാൻ നന്ദകുമാറിനോട് ആവശ്യപ്പെടുകയും പിന്നീട് ഹോട്ടൽ പൊളിച്ചു മാറ്റുകയുമായിരുന്നു.
Discussion about this post