ശ്രീനഗർ : ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ തന്ത്രപ്രധാനമായ ഇസഡ്-മോർ തുരങ്കപാത രാജ്യത്തിന് സമ്മർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇത് വർഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കും. മണ്ണിടിച്ചിൽ, ഹിമപാത പാതകൾ എന്നിവ മറികടന്ന് ലഡാക്ക് മേഖലയിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം ഇതിലൂടെ ഉറപ്പാക്കുന്നു.
ഉദ്ഘാടനം ചെയ്ത ശേഷം തുരങ്കത്തിനുള്ളിൽ കയറിയ പ്രധാനമന്ത്രി പദ്ധതി ഉദ്യോഗസ്ഥരുമായും തുരങ്കം പൂർത്തിയാക്കാൻ കഠിനമായ സാഹചര്യങ്ങൾക്കിടയിലും സൂക്ഷ്മതയോടെ പ്രവർത്തിച്ച നിർമ്മാണ തൊഴിലാളികളുമായും ആശയവിനിമയം നടത്തി. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള മോദിയുടെ ആദ്യ കശ്മീർ സന്ദർശനമാണിത്. 2,400 കോടി രൂപ ചെലവിലാണ്് Z മോർ തുരങ്കപാത നിർമിച്ചിരിക്കുന്നത്.
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എന്നിവരും മറ്റ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. കടുത്ത തണുപ്പിൽ ജമ്മു കശ്മീരിലേക്ക് വന്നതിന് പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്നതായി ഒമർ അബ്ദുള്ള പറഞ്ഞു.
മദ്ധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗാംഗീറിനും സോനാമാർഗിനും ഇടയിലുള്ള 6.5 കിലോമീറ്റർ നീളമുള്ള രണ്ട് വരി റോഡ് ആണ് ടണലിൽ ഒരുക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങൾക്കായി 7.5 മീറ്റർ രക്ഷപ്പെടൽ പാത സമാന്തരമായും സജ്ജീകരിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 8,650 അടി മുകളിലാണ് ഈ തുരങ്കം. ശ്രീനഗറിനെയും സോനാമാർഗിനെയും ബന്ധിപ്പിച്ച് കൊണ്ടുള്ള ടണൽ ലേയിലേക്കുള്ള യാത്ര സുഗമമാക്കും. ലേയിലേക്കുള്ള യാത്രയിൽ ശ്രീനഗറിനും സോനാമാർഗിനും ഇടയിൽ എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി സാധ്യമാക്കും.
Discussion about this post