തിരുവനന്തപുരം : പി വി അൻവറിനെതിരെ തുറന്നടിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ . പി.വി.അൻവറിന്റെ രാജിയിലൂടെ നിലമ്പൂരിലെ ജനങ്ങൾക്ക് ഏതാണ്ട് ഒന്നര വർഷം നിയമസഭയിൽ പ്രതിനിധി ഇല്ലാതാകുന്ന സാഹചര്യം ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പിലെ അധോലോക സംഘത്തിനെതിരെയാണ് പോരാട്ടം എന്ന് പ്രഖ്യാപിച്ച അൻവർ വന്യമൃഗങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് രാജിയെന്നാണ് ഇപ്പോൾ പറയുന്നതെന്നും മുരളീധരൻ പരിഹസിച്ചു.
അൻവറിന്റെ പോരാട്ടം സിപിഎമ്മിലെ വന്യമൃഗങ്ങൾക്കെതിരെയോ കാട്ടിലെ വന്യമൃഗങ്ങൾക്കെതിരെയോ? ഇന്ത്യ മുന്നണിയുമായി സഹകരിക്കുമെന്ന് പറയുന്ന അൻവർ തൃണമൂൽ കോൺഗ്രസും മമത ബാനർജിയും ഇന്ത്യാ മുന്നണിയുമായി സഹകരിക്കാതായിട്ട് കാലം കുറെയായി എന്നത് അറിഞ്ഞില്ലേ. അഴിമതിക്കാരെ എല്ലാവരെയും ഒരുമിച്ച് നിർത്തി ഒരു മുന്നണിയുടെ ഭാഗമാക്കാൻ അൻവറിന് സാധിക്കട്ടേ എന്ന് വി മുരളീധരൻ പറഞ്ഞു.
അതേസമയം സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ കോടികളുടെ അഴിമതി നടന്നുവെന്ന എസ്എഫ്‌ഐഒയുടെ കണ്ടെത്തൽ ഗൗരവമുള്ളതാണ്. പിണറായി വിജയൻ മൗനം വെടിയണം എന്ന് അദ്ദേഹം വ്യക്തമാക്കി. മാസപ്പടി വാർത്ത വന്ന ദിവസം നിയമസഭയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഓടിപ്പോയത് കേരളം മറന്നിട്ടില്ല എന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
Discussion about this post