തിരുവനന്തപുരം : കടലിലെ കൊമ്പൻമാരിൽ പേരുകേട്ട അച്ചിണി സ്രാവിനെ ചൂണ്ടയിൽ കുരുക്കി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. അപൂർവമായി മാത്രമാണ് മത്സ്യത്തൊഴിലാളികൾക്ക് ഇത്തരം സ്രാവുകളെ പിടികൂടാൻ കഴിയാറുള്ളത്. വലിയ തൂക്കമുള്ള ഈ സ്രാവുകൾ ചൂണ്ടയിൽ കുരുങ്ങിയാലും വള്ളവും വലിച്ചു കൊണ്ട് നീങ്ങുകയോ ചൂണ്ടയിൽ നിന്നും കുതറി രക്ഷപ്പെടുകയോ ചെയ്യുകയാണ് പലപ്പോഴും പതിവ്.
400 കിലോ തൂക്കമുള്ള അച്ചിണി സ്രാവിനെയാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ പിടികൂടിയത്. വള്ളത്തിൽ ഉണ്ടായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികൾ ചേർന്ന് ഏറെ പണിപ്പെട്ടാണ് സ്രാവിനെ കരയ്ക്ക് അരികിലേക്ക് എത്തിച്ചത്. എന്നാൽ വള്ളത്തിൽ നിന്നും വലിച്ചുകയറ്റാൻ ഇവർക്ക് കഴിയാതിരുന്നതോടെ കടപ്പുറത്തെ മറ്റു മത്സ്യത്തൊഴിലാളികൾ കൂടി ചേർന്നാണ് സ്രാവിനെ കരയ്ക്ക് എത്തിച്ചത്.
കനത്ത ലേലം വിളിയിലൂടെ റെക്കോർഡ് തുകയ്ക്കാണ് അച്ചിണി സ്രാവിന്റെ വിൽപ്പന നടന്നത്. 400 കിലോയോളം തൂക്കമുള്ള സ്രാവിനെ 79,400 രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. 40,000 രൂപയിൽ തുടങ്ങിയ ലേലം വിളിയാണ് ഒടുവിൽ 79,400 രൂപയിലെത്തി അവസാനിച്ചത്. ഇതിനു മുൻപ് വിഴിഞ്ഞം കടപ്പുറത്ത് അവസാനം ലഭിച്ച സ്രാവിന് 320 കിലോ തൂക്കമാണ് ഉണ്ടായിരുന്നത്. 61000 രൂപയ്ക്കാണ് അന്ന് സ്രാവിനെ വിൽപ്പന നടത്തിയത്.
Discussion about this post