ഡൽഹി : പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്. മലയാളിയായ ജസ്റ്റിസ് സിടി രവികുമാര്‍ വിരമിച്ച ഒഴിവിലാണ് നിയമനം.
11 വര്‍ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്‍ഷത്തിലേറെയായി ഒരു വലിയ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായും ചീഫ് ജസ്റ്റിസായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രന്‍, വിവിധ നിയമ മേഖലകളില്‍ ഗണ്യമായ അനുഭവമുള്ളയാളാണ്,’ കൊളീജിയം പുറത്തിറക്കിയ പ്രമേയത്തില്‍ പറയുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി നോക്കവേ സായാഹ്ന പഠനത്തിലൂടെയാണ് നിയമബിരുദം നേടിയത്. തുടർന്ന് ബാങ്ക് ഉദ്യോഗം രാജിവെച്ച് അഭിഭാഷക വൃത്തിയിലേക്ക് കടന്നു. 1990-ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24-ന് സ്ഥിരം ജഡ്ജിയായി. എറണാകുളം ആലുവ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ.
Discussion about this post