കൊച്ചി: ഇടുക്കി എഡിഎമ്മിനെ ബിജിമോള്‍ എംഎല്‍എ കയ്യേറ്റം ചെയ്ത കേസിലെ പൊലീസ് നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി. നിയമം എല്ലാവര്ക്കും ഒരു പോലെ ബാധകമാണെന്നും പ്രതികള്‍ക്ക് മുന്നില്‍ പൊലീസ് ഓച്ഛാനിച്ച് നില്‍ക്കരുതെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചത് ഗുരുതരമായ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
ബിജിമോളിനെ അറസ്റ്റ് ചെയ്യാത്തതിന്റെ സാഹചര്യം വിശദീകരിക്കണമെന്നു ഹൈക്കോടതി മുന്‍പ് പറഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പെരുവന്താനത്തെ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനിയില്‍ ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ ഇടുക്കി എഡിഎം മോന്‍സി പി.അലക്സാണ്ടറിനെ ബിജിമോള്‍ കയ്യേറ്റം ചെയ്തതാണ് കേസ്.
ഹൈക്കോടതി ഉത്തരവു നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ നിയോഗിച്ച പ്രകാരമാണു 2015 ജൂലൈ മൂന്നിനു പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലത്തെത്തിയത്. സാഹചര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ എംഎല്‍എ ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നാണു പരാതി.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി. പൊലീസ് സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ല. ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെട്ടിട്ടും അന്വേഷണം ഫലപ്രദമല്ല എന്നീ കാര്യങ്ങളുന്നയിച്ചാണ് പരാതി.
അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് മോന്‍സി പി. അലക്സാണ്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2015 സെപ്റ്റംബര്‍ ഏഴിന് കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിനു നിര്‍ദേശിച്ചു.
മൂന്നു മാസം കഴിഞ്ഞിട്ടും പുരോഗതിയില്ലെന്ന് ആരോപിച്ച് എഡിഎം വീണ്ടും കോടതിയിലെത്തുകയായിരുന്നു. കേസന്വേഷിച്ച് എത്രയും വേഗം അന്തിമ റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിക്കണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
Discussion about this post