മലപ്പുറം; കൊണ്ടോട്ടിയിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. വിവാഹം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയതിന് ശേഷമാണ് കുട്ടിയുടെ നിറം പ്രശ്‌നമാണെന്ന് പറഞ്ഞ് ഭർത്താവ് അബ്ദുൽ വാഹിദ് വിളിച്ചത്. നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി പരിഹസിച്ചത് സഹിക്കാനാവാതെയാണ് ഷഹാസ മുംതാസ് ആത്മഹത്യ ചെയ്തത്.
ഷഹാനയുടെ നിറം തനിക്ക് പ്രശ്‌നമാണെന്നും ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നും ഭർത്താവ് കുറ്റപ്പെടുത്തിയെന്ന് ഷഹാനയുടെ ബന്ധു പറഞ്ഞു. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതിൽ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും പെൺകുട്ടിയുടെ മുന്നിൽ വെച്ച് ഭർതൃ മാതാവ് ചോദിച്ചു. പഠിക്കാൻ മിടുക്കിയായിരുന്ന ഷഹാന അടുത്തിടെ പഠനത്തിൽ പിന്നോട്ടായി. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മാനസിക പീഡനത്തിൻറെ വിവരം ഷഹാന തന്നെ നേരിട്ട് പറഞ്ഞത്. വാഹിദിന്‌റെ ബന്ധുക്കളോട് ഇക്കാര്യം സംസാരിച്ചെങ്കിലും കാര്യമുണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർതൃവീട്ടുകാരുമായി വിഷയം ചർച്ചചെയ്യുന്നതിനിടെ ഷഹാനയുടെ മുന്നിൽവെച്ച് ഭർതൃമാതാവ് വളരെ മോശമായരീതിയിൽ സംസാരിച്ചെന്നും ഇവർ പറയുന്നു. ’20 ദിവസമല്ലേ ഒരുമിച്ച് ജീവിച്ചിട്ടുള്ളൂ, വേറെ വിവാഹം നടക്കുമല്ലോ, എന്തിനാണ് ഇതിൽതന്നെ കടിച്ചുതൂങ്ങുന്നത്’ എന്നാണ് ഭർതൃമാതാവ് ഷഹാനയോട് പറഞ്ഞതെന്നാണ് ബന്ധു പറയുന്നത്. ഇതുകേട്ടതോടെ ഷഹാന ഭർതൃമാതാവിന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുകയാണുണ്ടായതെന്നും ബന്ധു വെളിപ്പെടുത്തി.
ചൊവ്വാഴ്ച രാവിലെയാണ് ഷഹാനയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്കടുത്ത് പറശ്ശേരി ബഷീറിന്റെയും ഷെമീനയുടെയും മൂത്തമകളാണ് ഷഹാന. കൊണ്ടോട്ടി ഗവ. കോളേജിലെ ഒന്നാംവർഷ ബി.എസ്.സി. ഗണിതശാസ്ത്ര വിദ്യാർഥിനിയാണ്.
Discussion about this post