ടെന്നീസ് ലോകത്ത് മറ്റൊരു അപൂർവ്വ റെക്കോഡുമായി ലോക മുൻ ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച്. ഏറ്റവും കൂടുതൽ ഗ്രാൻ്സ്ലാം സിംഗിൾസ് മല്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ പേരിലുളള റെക്കോഡാണ് ജോക്കോവിച്ച് തിരുത്തിയെഴുതിയത്. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണ്ണമെൻ്റിനിടെ ആയിരുന്നു ജോക്കോവിച്ചിൻ്റെ റെക്കോഡ് നേട്ടം.
ഓസ്ട്രേലിയൻ ഓപ്പണിൻ്റെ മൂന്നാം റൌണ്ടിൽ പോർച്ചുഗീസ് താരം ജെയ്‌മി ഫാരിയയെ തോല്പിച്ചതോടെയാണ് ജോക്കോവിച്ച് ഫെഡററുടെ റെക്കോഡ് തകർത്തത്. രണ്ടാം സെറ്റ് നഷ്ടമായിട്ടും ശക്തമായി തിരിച്ചു വന്ന് ജോക്കോവിച്ച് മല്സരം സ്വന്തമാക്കുകയായിരുന്നു. സ്കോർ 6-1, 6-7 (4/7), 6-3, 6-2. ജോക്കോവിച്ചിൻ്റെ 430ആം ഗ്ലാൻ്റ്സ്ലാം സിംഗിൾസ് മല്സരമായിരുന്നു ഇന്നത്തേത്. 429 ഗ്രാൻ്റ്സ്ലാം സിംഗിൾസ് മല്സരങ്ങളായിരുന്നു ഫെഡറർ കളിച്ചത്. തൻ്റെ 11ആം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടവും 25ആം ഗ്രാൻഡ് സ്ലാം കിരീടവും ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഇത്തവണ ടൂർണ്ണമെൻ്റിന് എത്തിയിട്ടുള്ളത്. ഇത്തവണ കിരീടം നേടാനായാൽ മാർഗരറ്റ് കോർട്ടിനെ പിന്തള്ളി ഏറ്റവും കൂടുതൽ ഗ്രാൻ്റ്സ്ലാം കിരീടങ്ങൾ നേടുന്ന താരമെന്ന റെക്കോഡും ജോക്കോവിച്ചിനെ തേടിയെത്തും.
ജോക്കോവിച്ചിനൊപ്പം മറ്റ് മുൻനിര താരങ്ങളും മൂന്നാം റൌണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. സ്പെയിനിൻ്റെ കാർലോസ് അൽക്കാരസ് ജപ്പാൻ്റെ യോഷിഹിതോ നിഷിയോകയെ 6-0, 6-1, 6-4 എന്ന സ്‌കോറിന് തോല്പിച്ച് മൂന്നാം റൌണ്ടിലെത്തി. ജർമ്മൻ താരം അലക്സാണ്ടർ സ്വരേവും മൂന്നാം റൌണ്ടിലെത്തി. സ്പെയിനിൻ്റെ പെഡ്രോ മാർട്ടിനസിനെയാണ് സ്വരേവ് തോല്പിച്ചത്. എന്നാൽ ലോക ആറാം നമ്പർ കാസ്പർ റൂഡ് ടൂർണ്ണമെൻ്റിൽ നിന്ന് പുറത്തായി. ചെക് താരം യാക്കൂബ് മെൻസിക് ആണ് റൂഡിനെ തോല്പിച്ചത്. സ്കോർ 6-2, 3-6,6-1,6-4. വനിതാ വിഭാഗത്തിൽ കോക്കോ ഗാഫ്, നവോമി ഒസാക്ക, അരീന സബലങ്ക എന്നിവരും മൂന്നാം റൌണ്ടിലെത്തി.
Discussion about this post