റെക്കോഡുകൾ പെയ്തിറങ്ങിയ മല്സരത്തിൽ അയർലൻ്റിനെതിരെ 304 റൺസിൻ്റെ കൂറ്റൻ വിജയവുമായി ഇന്ത്യൻ വനിതകൾ. ഇതോടെ മൂന്ന് മല്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്ത് വാരി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ക്യാപ്റ്റൻ സ്മൃതി മന്ഥാനയുടെയും പ്രതിക റാവലിൻ്റെയും ഉജ്ജ്വല സെഞ്ച്വറികളുടെ മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നഷ്ടത്തിൽ 435 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻ്റ് 131 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഏകദിനത്തിൽ ഇന്ത്യൻ വനിതകളുടെ ഏറ്റവും ഉയർന്ന മാർജിനിലുള്ള വിജയമാണിത്. ഇതിന് പുറമെ മറ്റ് ചില റെക്കോഡുകൾ കൂടി മല്സരത്തിനിടെ പിറന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യൻ വനിതകൾക്ക് സ്മൃതി മന്ഥാനയും പ്രതിക റാവലും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്കിയത്. എട്ട് റൺസിനോടടുത്ത ശരാശരിയിൽ മുന്നേറിയ ഇന്ത്യൻ സ്കോർ 13ആം ഓവറിൽ നൂറ് കടന്നു. സ്മൃതി മന്ഥാന വെറും 70 പന്തുകളിൽ സെഞ്ച്വറി നേടിയപ്പോൾ നൂറ് തികച്ചതിന് ശേഷമാണ് പ്രതിക ആഞ്ഞടിച്ചത്. സ്മൃതി 80 പന്തുകളിൽ നിന്ന് 12 ഫോറും ഏഴ് സിക്സും അടക്കം 135 റൺസെടുത്തു. ഏകദിനത്തിൽ ഒരു ഇന്ത്യൻ വനിതാ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയായിരുന്നു സ്മൃതിയുടേത്. 87 പന്തുകളിൽ സെഞ്ച്വറി നേടിയ ഹർമൻപ്രീത് കൌറിൻ്റെ റെക്കോഡാണ് സ്മൃതി സ്വന്തം പേരിലാക്കിയത്.
129 പന്തുകളിൽ 20 ഫോറും ഒരു സിക്സും അടക്കം 154 റൺസാണ് പ്രതിക നേടിയത്. ഇതോടെ കരിയറിൽ ഇത് വരെ കളിച്ച് ആറ് ഇന്നിങ്സുകളിൽ നിന്നായി പ്രതികയുടെ സമ്പാദ്യം 44 റൺസായി. വനിതാ ക്രിക്കറ്റിൽ ഇതൊരു റെക്കോഡാണ്. തുടർന്നെത്തിയ റിച്ച ഘോഷും അർദ്ധ സെഞ്ച്വറി നേടിയതോടെ ഇന്ത്യൻ സ്കോർ അഞ്ച് വിക്കറ്റിന് 435 റൺസിൽ അവസാനിച്ചു. ഏകദിനത്തിൽ ഇന്ത്യൻ വനിതകൾ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഇത്. കഴിഞ്ഞ മല്സരത്തിൽ നേടിയ 370 റൺസിൻ്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻ്റിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. മൂന്നാം വിക്കറ്റിൽ സാറ ഫോബ്സും ഓർല പ്രെൻ്റർഗസ്റ്റും ചേർന്ന് 64 റൺസ് കൂട്ടിച്ചേർത്തത് അയർലൻ്റിന് പ്രതീക്ഷ നല്കിയെങ്കിലും ഇരുവരും പുറത്തായതോടെ ഐറിഷ് ബാറ്റിങ് തകർന്നടിഞ്ഞു. നിരയിൽ ആകെ നാല് പേർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 41 റൺസെടുത്ത സാറ ഫോബ്സാണ് അവരുടെ ടോപ് സ്കോറർ. ഓർല പ്രെൻ്റർഗസ്റ്റ് 36 റൺസെടുത്തു. 31.4 ഓവറിൽ 131 റൺസിന് അയർലൻ്റ് ഓൾ ഔട്ടായി. ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ്മ മൂന്നും തനൂജ കൺവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. പ്രതിക റാവലാണ് കളിയിലെയും പരമ്പരയിലെയും താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
Discussion about this post