കൊച്ചി: തിരുവനന്തപുരം കാസര്‍കോട് വന്ദേ ഭാരതിന്റെ കോച്ചുകള്‍ കൂട്ടിയതിന് പിന്നാലെ തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിലെ കോച്ചുകളുടെ എണ്ണവും ഇരട്ടിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് റേക്കില്‍ നിലവില്‍ എട്ടുകോച്ചുകളാണ് ഉള്ളത്. പുതിയ തീരുമാനപ്രകാരം ഇത് 16 കോച്ചുകളാക്കി ഉയര്‍ത്തും. ഇതോടെ 512 സീറ്റുകളുള്ള ട്രെയിനില്‍ സീറ്റുകളുടെ ആകെ എണ്ണം 1024 എന്ന നിലയിലേക്ക് ഉയരും.
ഈ മാസം തുടക്കത്തിലാണ് തിരുവനന്തപുരം – കാസര്‍കോട് വന്ദേ ഭാരതിന്റെ കോച്ചുകള്‍ 16ല്‍ നിന്ന് 20 ആക്കി ഉയര്‍ത്തിയത്. 1336 സീറ്റുകളുമായി ഓടിത്തുടങ്ങിയ വന്ദേ ഭാരതിന് 100 ശതമാനം ബുക്കിങ് ലഭിച്ചു.സീറ്റുകള്‍ കൂട്ടിയിട്ടും ആദ്യ വന്ദേ ഭാരതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യാത്രക്കാര്‍ കൂടിയ സാഹചര്യത്തിലാണ് രണ്ടാം വന്ദേ ഭാരതിന്റെ സീറ്റുകള്‍ ഇരട്ടിയാക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.
അതേസമയം, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്ത് വന്ദേ ഭാരത് എക്‌സ്പ്രസുകളില്‍ ഒക്യുപെന്‍സി റേറ്റില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് വന്ദേ ഭാരതുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. ഈ ജനപ്രീതിയും വരുമാനവും പരിഗണിച്ചാണ് റെയില്‍വേ രണ്ടാമത്തെ വന്ദേഭാരതിന്റെ കോച്ചുകള്‍ കൂട്ടാന്‍ തീരുമാനിച്ചത്.
രാജ്യത്തെ 38 വന്ദേ ഭാരതുകളില്‍ പകുതി സീറ്റിലധികം ഒഴിഞ്ഞുകിടക്കുകയാണ്. ഇന്ത്യയിലെ 59 വന്ദേ ഭാരതുകളില്‍ മുഴുവന്‍ സീറ്റും യാത്രക്കാരുമായി ഓടുന്നത് 17 എണ്ണം മാത്രമാണ്. കേരളത്തില്‍നിന്നുള്ള തിരുവനന്തപുരം – കാസര്‍കോട്, തിരുവനന്തപുരം – മംഗളൂരു വന്ദേഭാരതുകള്‍ ഈ പട്ടികയില്‍ മുന്‍ നിരയിലാണ്.
Discussion about this post