ഹോട്ടലുകളിലെ ചെക് ഇൻ പോളിസിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഓയോ. അവിവാഹിതരായ പങ്കാളികൾക്ക് ഓയോ ഇനി മുതൽ റൂം നൽകില്ലെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. ഓയോയുടെ പുതിയ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളെത്തിയിരുന്നു. എന്താണ് പുതിയ നിയമങ്ങൾക്ക് പിന്നിലെ കാരണമെന്ന് അറിയാം..
പാർട്ട്ണർ ഹോട്ടലുകൾക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ചെക്ക് ഇൻ നയങ്ങളിലാണ് ഓയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഓയോയുടെ പുതിയ നയം അനുസരിച്ച്, ഹോട്ടലുകളിൽ പങ്കാളികളുമായി എത്തുന്നവർക്ക് അവർ അവിവാഹിതരാണെങ്കിൽ പ്രവേശനം നിഷേധിക്കാനുള്ള അവകാശമുണ്ട്. റൂമെടുക്കാൻ ഹോട്ടലുകളിൽ എത്തുന്നവരോട് ഹോട്ടലുകൾ അവർ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അതായത് വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കാൻ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരും. ഇത് നൽകിയില്ലെങ്കിൽ, ഹോട്ടലുകളിൽ പ്രവേശനം നിഷേധിക്കാൻ കഴിയും. ഓൺലൈൻ ബുക്കിംഗ് ചെയ്യുന്ന സമയത്തും സൈറ്റുകളിൽ ദമ്പതികൾ വിവാഹബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.
ഓയോ ഹോട്ടലുകളിൽ അവിവാഹിതരായവർക്ക് റും നൽകരുതെന്ന് സമീപവാസികൾ അഭ്യർത്ഥിച്ചതായി കമ്പനി വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശിലെ മീററ്റ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ സാമൂഹിക സംഘടനകളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന് പുറമേ, സാമൂഹിക കൂട്ടായ്മകളെ കേൾക്കേണ്ടതും കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചെക് ഇൻ പോളിസിയിൽ മാറ്റം വരുത്താൻ ഓയോ തീരുമാനിച്ചത്.
വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണ് ചെക് ഇൻ പോളിസിയിൽ ഓയോ മാറ്റം വരുത്തിയത്. മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ടലുകളിലും ഈ നയം നടപ്പിലാക്കും. ആളുകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസസൗകര്യങ്ങൾ നൽകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഓയോ നോർത്ത് ഇന്ത്യ റീജിയണൽ ഹെഡ് പവൻ ശർമ്മ പറഞ്ഞു. എല്ലാവരുടെയും വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാൽ സാമൂഹിക സംഘടനകളുടെ നിർദ്ദേശങ്ങൾ അവഗണിക്കാനും കഴിയുകയില്ല. അതിനാൽ ചെക് ഇൻ പോളിസിയിൽ മാറ്റം വരുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post