ശ്രീനഗർ: ജമ്മുകശ്മീരിലെ ദുരൂഹമരണങ്ങളിൽ ആശങ്കയേറുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ ദുരൂഹമായി മരിച്ചവരുടെ എണ്ണം 15 ആയതോടെയാണ് സംസ്ഥാനത്ത് ആശങ്കയും ആശയക്കുഴപ്പവും ഏറിയത്. അസ്വാഭാവിക മരണങ്ങൾക്ക് പിന്നിലെ കാരണം കണ്ടെത്താൻ കഴിയാതെ വന്നതോടെ പോലീസ് അന്വേഷണസംഘം രൂപീകരിച്ചിരിക്കുകയാണ്. മരണങ്ങൾക്ക് പിന്നിൽ ഏതെങ്കിലും രോഗമല്ലെന്ന് ജമ്മു കശ്മീർ ആരോഗ്യമന്ത്രി സക്കീന മസൂദ് അറിയിച്ചു. ജമ്മു കശ്മീരിനകത്തും പുറത്തും നടത്തിയ പരിശോധനകളുടെ ഫലം നെഗറ്റീവായിരുന്നുവെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം 9 വയസുകാരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഈ പെൺകുട്ടിയുടെ നാല് സഹോദരങ്ങളും മുത്തച്ഛനും മരിച്ചിരുന്നു. മരിച്ചവരിലെല്ലാം ഛർദ്ദിയും, ബോധക്ഷയവും പോലെയുള്ള സമാനമായ ലക്ഷണങ്ങളാണ് കാണാനായത്. മുഹമ്മദ് അസ്ലം എന്നയാളുടെ ആറ് കുട്ടികളെ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, അവരിൽ ഒരാൾ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. മറ്റുള്ളവരെല്ലാം മരണപ്പെട്ടു.
മരണകാരണം തിരിച്ചറിയാനായി മെഡിക്കൽ റിപ്പോർട്ടുകൾ വിശകലനം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകി. പ്രാഥമിക റിപ്പോർട്ടുകൾ മരണപ്പെട്ടവരുടെ സാമ്പിളുകളിൽ ചില ന്യൂറോടോക്‌സിനുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നുണ്ട്.
Discussion about this post