സിഡ്‌നി: റീല്‍സുകള്‍ വൈറലാക്കാനും ഫോളോവേഴ്‌സിനെ വര്‍ധിപ്പിക്കാനും ചിലര്‍ കാട്ടിക്കൂട്ടുന്ന പ്രവൃത്തികള്‍ ചിന്തിക്കാവുനന്നതിനുമപ്പുറമാണ്. സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ പോലും ഇവരില്‍ പലരും പ്രാധാന്യം നല്‍കാറില്ല. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ഫോളോവേഴ്‌സിനെ കൂട്ടാനുമായി സ്വന്തം മകള്‍ക്ക് വിഷം നല്‍കിയ ഇന്‍ഫ്‌ലുവന്‍സര്‍ അറസ്റ്റില്‍. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് സ്വദേശിനിയെയാണ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. മകളുടെ രോഗാവസ്ഥയക്കുറിച്ച് നിരന്തരമായി യുവതി സമൂഹമാധ്യമങ്ങളില്‍ വീഡിയോ ചെയ്തിരുന്നു. ഒരു വയസുകാരിയായ മകള്‍ക്ക് മരുന്നുകള്‍ നല്‍കിയ ശേഷം കടുത്ത വേദന അനുഭവിക്കുന്നതായുള്ള ദൃശ്യങ്ങള്‍ യുവതി ചിത്രീകരിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഒക്ടോബറിലാണ് ഒരു വയസുകാരിയുടെ ആരോഗ്യ സ്ഥിതിയില്‍ ഡോക്ടര്‍മാര്‍ സംശയാലുക്കളായത്. കാരണം നിരന്തരമായി കുട്ടി ചികിത്സ തേടേണ്ടി വരുന്ന അവസ്ഥയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് 34കാരിയായ യുവതി മകള്‍ക്കെതിരെ ചെയ്ത അക്രമ സംഭവങ്ങള്‍ പുറത്ത് വന്നത്. കുട്ടിയെ ദുരുപയോഗിച്ച് സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് 34കാരി അറസ്റ്റിലായത്.
ഒക്ടോബര്‍ 15നാണ് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. ശരീരവേദന മൂലം നിര്‍ത്താതെ കരയുന്ന അവസ്ഥയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. അനാവശ്യ മരുന്നുകള്‍ കുഞ്ഞില്‍ പ്രയോഗിച്ചിട്ടുണ്ടോയെന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഇതിനോടകം കുട്ടിയുടെ പേരില്‍ 3226159 രൂപയാണ് യുവതി ഗോ ഫണ്ട് മീ ഡൊണേഷന്‍ മുഖേന സ്വരുക്കൂട്ടിയത്. മറ്റ് ആളുകള്‍ക്ക് കുട്ടിക്കെതിരായ അതിക്രമത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷണം നടക്കുന്നതായാണ് പൊലീസ് വിശദമാക്കുന്നത്.
Discussion about this post