ഹൈദരാബാദ്: സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുന്ന കറണ്ട് ബില്ലിനെ പിടിച്ചുകെട്ടാൻ വമ്പൻ പദ്ധതിയുമായി റിലയൻസ് ഗ്രൂപ്പ്. ഇതിന് മുന്നോടിയായി 10,000 കോടിയുടെ സൗരോർജ പദ്ധതിയാണ് അനിൽ അംബാനിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്നത്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.
ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സോളാർ എനർജി സ്‌റ്റോറേജ് സിസ്റ്റം എന്ന ലക്ഷ്യമാണ് റിലയൻസ് പവർ ലിമിറ്റഡ് കൈവരിക്കുന്നത്. 930 മെഗാവാട്ട് പദ്ധതിയിൽ 465 MW/1860 MWh സംഭരണ സംവിധാനവുമുണ്ട്. ബിൽഡ്- ഓൺ- ഓപ്പറേറ്റ് (ബിഒടി) അടിസ്ഥാനത്തിലായിരിക്കും പദ്ധതി പൂർത്തീകരിക്കുക.
പദ്ധതിക്കായുള്ള കരാർ ഒപ്പുവച്ച് 24 മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യാനായിരുന്നു റിലയൻസ് ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. ഉത്പാദിപ്പിക്കുന്ന സൗരോർജം ഇന്ത്യയിലുടനീളമുള്ള ഡിസ്‌കോമുകളിലേക്ക് വിതരണം ചെയ്യും. ഉപയോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യാൻ ഉത്തരവാദിത്വമുള്ള കമ്പനികളാണ് ഡിസ്‌കോം.
പദ്ധതി പൂർത്തിയാകുന്നതോടെ, രാജ്യത്തുടനീളം കുറഞ്ഞ ചിലവിൽ വൈദ്യുതി വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്കും ഈ പദ്ധതി പരിഹാരമായേക്കും. പൂർണതോതിൽ ഈ പദ്ധതി പ്രവർത്തിച്ചു തുടങ്ങുന്നതോടെ, രാജ്യത്തെ, പുനരുപയോഗ ഊർജസംഭരണ ശേഷിയും വർദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു.
വൈദ്യുതി ബില്ലിലെ മാറ്റത്തോടൊപ്പം തന്നെ ആറായിരത്തോളം പേർക്ക് തൊഴിൽ സാധ്യത യും ഉറപ്പു വരുത്തുന്നതാണ് പുതിയ പദ്ധതി. പദ്ധതിയുടെ നിർമാണ സമയത്ത് 1000 പേർക്ക് പ്രത്യക്ഷമായും 5000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.
Discussion about this post