ന്യൂഡല്‍ഹി: ഓരോദിവസവും വ്യത്യസ്ത തരത്തിലുള്ള തട്ടിപ്പുകള്‍ക്കാണ് പലരും ഇരയായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന പുതിയ തട്ടിപ്പിനെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ സെറോദയുടെ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത്.
അപരിചിതന്റെ വേഷത്തില്‍ സമീപിച്ച് അടിയന്തരമായി കോള്‍ ചെയ്യാന്‍ ഫോണ്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പിന് തുടക്കം ഇടുന്നതെന്ന് നിതിന്‍ കാമത്ത് വിഡിയോയില്‍ പറയുന്നു. ‘മിക്ക നല്ല മനസ്സുള്ള ആളുകളും അവരുടെ ഫോണ്‍ കൈമാറും. പക്ഷേ ഇതൊരു പുതിയ തട്ടിപ്പാണ്, നിങ്ങളുടെ ഒടിപികള്‍ തടസ്സപ്പെടുത്തുന്നത് മുതല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ത്തുന്നത് വരെ, നിങ്ങള്‍ പോലും അറിയാതെ തട്ടിപ്പുകാര്‍ വലിയ നാശനഷ്ടങ്ങളാണ് വരുത്തിവെയ്ക്കുക’- അദ്ദേഹം പറഞ്ഞു.
‘ഫോണ്‍ ഉപയോഗിക്കുന്നു എന്ന തരത്തില്‍ ഇത്തരക്കാര്‍ പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ നിലവിലുള്ളവ തുറക്കാനോ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനോ ആണ് ശ്രമിക്കുക.
ഇതുവഴി ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടും ഒടിപികളും ആക്‌സസ് ചെയ്യാനും അനധികൃത ഇടപാടുകള്‍ നടത്താനും നിങ്ങളുടെ പാസ്വേഡുകള്‍ മാറ്റാനും കഴിയും. അതിനാല്‍, ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടുന്നതിന്, നിങ്ങളുടെ ഫോണ്‍ അപരിചിതര്‍ക്ക് കൈമാറരുത്’- നിതിന്‍ കാമത്ത് ഓര്‍മ്മിപ്പിച്ചു.
ഫോണ്‍ ഉപയോഗിക്കാന്‍ ചോദിച്ച് അപരിചിതര്‍ വരികയാണെങ്കില്‍ നമ്പര്‍ പറഞ്ഞാല്‍ ഡയല്‍ ചെയ്ത് സ്പീക്കറില്‍ ഇട്ട് നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടുവെയ്ക്കുകയാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post