സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സയോട് വഴങ്ങിയ വൻ പരാജയം മറക്കുന്ന ത്രസിപ്പിക്കുന്ന ജയവുമായി റയൽ മാഡ്രിഡ്. സെൽറ്റാ വിഗോയെ 5-2ന് തകർത്ത് റയൽ മാഡ്രിഡ് കോപ്പ ഡെൽ റേയുടെ ക്വാർട്ടറിൽ. പകരക്കാരനായി വന്ന് എക്സ്ട്രാ ടൈമിൽ ഇരട്ട ഗോളുകൾ നേടിയ കൗമാര താരം എൻഡ്രിക്കാണ് റയലിന്റെ വിജയത്തിന് അടിത്തറയിട്ടത്.
108, 109 മിനിറ്റുകളിലായിരുന്നു ബ്രസീലിയൻ ടീനേജ് സെൻസേഷൻ എൻഡ്രിക്കിന്റെ തകർപ്പൻ സ്ട്രൈക്കുകൾ. ഇതിന് ശേഷം വീണ്ടും ഗോൾ സ്വന്തമാക്കി ഫെഡറിക്കോ വാൽവർദെ സാന്റിയാഗോ ബെർണബുവിൽ ലോസ് ബ്ലാങ്കോസിന്റെ വിജയം സീൽ ചെയ്യുകയായിരുന്നു.
സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെ ആദ്യ പകുതിയിലും വിനീഷ്യസ് ജൂനിയർ സെക്കന്റ് ഹാഫിന്റെ തുടക്കത്തിലും നേടിയ ഗോളുകളുടെ പിൻബലത്തിൽ റയൽ മാഡ്രിഡ് ലീഡ് എടുത്തു. രണ്ട് ഗോളിന് മുന്നിൽ നിൽക്കെ, ഒട്ടും പ്രതീക്ഷിക്കാതെ 83 ആം മിനിറ്റിൽ ബാംബയും ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ അലോൺസോയും സെൽറ്റാ വിഗോയ്ക്കായി സ്‌കോർ ചെയ്ത് മത്സരം എക്സ്ട്രാ ടൈമിലേക്ക് തള്ളി വിടുകയായിരുന്നു.
അവിടെ നിന്നാണ് ഒടുവിൽ മൂന്ന് ഗോളുകൾ കൂടി മടക്കി റയൽ കോപ്പ ഡെൽ റേ ക്വാർട്ടർ ബെർത്ത് സ്വന്തമാക്കിയത്. യുവ താരങ്ങളെ പരീക്ഷിക്കാൻ കോച്ച് കാർലോ ആൻസലോട്ടി മുതിർന്നതാണ് മത്സരം തിരികെ പിടിക്കാൻ റയൽ മാഡ്രിഡിനെ സഹായിച്ചത്. എൻഡ്രിക്കിനൊപ്പം മറ്റൊരു യുവ താരമായ ആർദാ ഗുലറും സബ്ബായി എത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
Discussion about this post