മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ മുംബൈ പോലീസിന്റെ പിടിയിൽ. ഇയാളെ ബാന്ദ്ര പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പേരെ ചോദ്യം ചെയ്ത് വരികയാണെന്നും മുംബൈ പോലീസ് അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ആറ് തവണ സെയ്ഫ് അലി ഖാന് കുത്തേറ്റിരുന്നു. നട്ടെല്ലിന് സമീപവും കഴുത്തിലും പരിക്കുള്ളതായി ഡോക്ടർമാർ അറിയിച്ചിരുന്നു. രണ്ട് മുറിവുകൾ ആഴതത്തിലുള്ളതാണെന്നാണ് വിവരം. അക്രമം നടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ ഇയാൾ വിടിനുള്ളിൽ കയറിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കള്ളൻ കുട്ടികളുടെ മുറിയിൽ കടന്നുവെന്ന് ജോലിക്കാരിലൊരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്ഫ് മുറിയിലെത്തിയത്.
ഇതോടെ, നടൻ പ്രതിയെ ചെറുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് കുത്തേറ്റത്. ആക്രമണത്തിൽ വീട്ടുജോലിക്കാരിയുടെ കയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതിനാൽ, പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
Discussion about this post