ചെന്നൈ: വീട്ടിൽ വച്ച് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. ജ്യോതി എന്ന 31കാരിയും കുഞ്ഞുമാണ് മരിച്ചത്. തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലാണ് സംഭവം. യുവതിയുടെ നാലാമത്തെ പ്രസവമായിരുന്നു ഇത്.
യുവതിയുടെ അമ്മയുടെ വീട്ടിലാണ് പ്രസവം നടന്നത്. ജ്യോതിയുടെ മൂന്നാമത്തെ പ്രസവം നടന്നതും വീട്ടിൽ വച്ച് തന്നെയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് അമിത രക്തസ്രാവം ഉണ്ടായി. എന്നാൽ, ആശുപത്രിയിൽ എത്തിക്കാതെ വീട്ടിൽ തന്നെ പ്രസവം നോക്കുകയായിരുന്നു. ജ്യോതിയുടെ അമ്മ വല്ലി പൊക്കിൾക്കൊടി മുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുഞ്ഞ് മരിച്ചത്. ഇതിന് പിന്നാലെ അബോധാവസ്ഥയിലായ ജ്യോതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
9 വർഷം മുമ്പാണ് യുവതി വിവാഹിതയായത്. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി വെല്ലൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. മരണ കാരണം കൃത്യമായി കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post