എറണാകുളം : മാജിക് മഷ്റൂം ലഹരി വസ്തുവായി കണക്കാക്കാൻ ആവില്ലെന്ന് കേരള ഹൈക്കോടതി. പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണ് മഷ്‌റൂം. അതിനാൽ മഷ്റൂമിനെ ലഹരി വസ്തുവായി കണക്കാക്കാൻ ആകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്.
ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. 226 ഗ്രാം മാജിക് മഷ്റൂമും, 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകളുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്ന പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഷെഡ്യൂളിൽ ഉൾപ്പെടുന്ന ലഹരിപദാർഥമല്ല മാജിക് മഷ്റൂം എന്നാണ് കോടതി ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയത്.
മാജിക് മഷ്റൂമിൽ അടങ്ങിയിട്ടുള്ള സൈലോസിബിൻ ആണ് ഇത് കഴിച്ചാൽ മയക്കവും തളർച്ചയും ഉന്മാദവും പോലെയുള്ള അവസ്ഥകൾ ഉണ്ടാക്കുന്നതിന് കാരണം. കഴിച്ച് 20 മിനിറ്റിനുശേഷം ആരംഭിക്കുന്ന ലക്ഷണങ്ങൾ ആറുമണിക്കൂറോളം വരെ നീണ്ടുനിൽക്കാറുണ്ട്. എന്നാൽ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് ആക്‌ട് പ്രകാരം കൂണിനെയോ മാജിക് മഷ്‌റൂമിനെയോ ഷെഡ്യൂൾഡ് നാർക്കോട്ടിക് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥമായി കണക്കാക്കാനാവില്ലെന്നാണ് കേരള ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post