ന്യൂഡൽഹി: വിരാട് കോഹ്ലിയും കെ എൽ രാഹുലും അടുത്തയാഴ്ച ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് പിന്മാറി. പരിക്കിനെ തുടർന്നാണ് ഇരുവരും മത്സരങ്ങളിൽ നിന്ന് വിട്ടു നില്ക്കുന്നത്. ഇക്കാര്യം ബിസിസിഐയെയും മെഡിക്കൽ സംഘത്തെയും ഇരുവരും അറിയിച്ചിട്ടുണ്ട്.
കഴുത്തു വേദനയെ തുടർന്നാണ് കോഹ്ലി വിട്ടുനില്ക്കുന്നതെന്നാണ് സൂചന. ചികിൽസയുടെ ഭാഗമായി ജനുവരി എട്ടിന് ഇഞ്ചെക്ഷൻ എടുത്തെങ്കിലും ഇപ്പോഴും വേദന പൂർണ്ണമായി മാറിയിട്ടില്ല. അതിനാൽ സൌരാഷ്ട്രയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ നിന്ന് വിട്ട് നില്ക്കാൻ അനുവദിക്കണമെന്നാണ് കോഹ്ലി ബിസിസിഐയെ അറിയിച്ചത്. മറുവശത്ത് കൈക്കുഴയ്ക്കേറ്റ പരിക്കിനെ തുടർന്നാണ് രാഹുൽ വിട്ട് നില്ക്കുന്നത്. ഇരുവർക്കും ബിസിസിഐ അനുമതി നല്കിയയാതാണ് സൂചന. 2012ലായിരുന്നു കോഹ്ലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്. രാഹുൽ 2020ലും. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയിൽ നിന്ന് വിട്ട് നില്ക്കാൻ കെ എൽ രാഹുൽ ബിസിസിഐയോട് നേരത്തെ അനുമതി തേടിയിരുന്നു. ആദ്യം അനുമതി നല്കിയെങ്കിലും പിന്നീട് മത്സരങ്ങളിൽ പങ്കെടുക്കുക തന്നെ വേണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.
ഓസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യൻ ടീമിൻ്റെ മോശം പ്രകടനത്തെ തുടർന്നാണ് ബിസിസിഐ നിലപാട് കടുപ്പിച്ചത്. ഇതിൻ്റെ ഭാഗമായി മുതിർന്ന താരങ്ങളും ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്നതടക്കമുള്ള നിർബന്ധമാക്കിയിരുന്നു. വിട്ട് നില്ക്കണമെങ്കിൽ വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കണമെന്നും ബിസിസിഐ നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്ന് രോഹിത് ശർമ്മ, ഋഷഭ് പന്ത്, ശുഭ്മാൻ ഗിൽ തുടങ്ങിയ താരങ്ങൾ രഞ്ജി കളിക്കാൻ തയ്യാറായിട്ടുണ്ട്. ജനുവരി 23നാണ് അടുത്ത ഘട്ട രഞ്ജി ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്. മുംബൈ ജമ്മു കശ്മീരിനെയും കർണ്ണാടക പഞ്ചാബിനെയും സൌരാഷ്ട്ര ഡൽഹിയെയുമാണ് നേരിടുക.
ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും അടക്കം ബാറ്റിങ് നിരയുടെ പ്രകടനം കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പരകളിലും ദയനീയമായിരുന്നു. ഇതേ തുടർന്ന് ടീമംഗങ്ങൾ ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിട്ടുനില്ക്കുന്നതിനെതിരെ മുൻതാരങ്ങടക്കം വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് വ്യക്തമായ കാരണങ്ങളില്ലാതെ ആഭ്യന്തര മത്സരങ്ങളോ, വിദേശ പര്യടനങ്ങളോ, പരമ്പരകളോ ഒഴിവാക്കാൻ അനുവദിക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തത്.
Discussion about this post