മുംബൈ: അസാധാരണമായ മുടികൊഴിച്ചിൽ കൊണ്ട് ഒരാഴ്ച കൊണ്ട് മഹാരാഷ്ട്രയിലെ ഭുൽദാന ജില്ലയിലെ ഗ്രാമങ്ങളിലുള്ള പലരും മുടി പൂർണമായും പോയി കഷണ്ടിയായി പോയ വാർത്ത ഈയടുത്ത് വലിയ ചർച്ചയായിരുന്നു. ബുൽധാന ജില്ലയിലെ ഷെഗാവ് താലൂക്കിലുള്ള 12 ഗ്രാമങ്ങളിലുള്ളവരുടെ ഇടയിൽ വ്യാപകമായാണ് ഈ അവസ്ഥ ഉണ്ടായത്. നിലവിൽ ഇവരുടെ മുടികൊഴിച്ചിലിന് ശമനമായിട്ടുണ്ട്. എന്നാൽ, ഈ ദുരവസ്ഥയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
സ്ത്രീകളുടെ ഉൾപ്പെടെ മുടി വലിയ തോതിൽ കൊഴിഞ്ഞ് പോയിത്തുടങ്ങിയതോടെ, കഷണ്ടി വൈറസ് എന്നാണ് ഭീതിയോടെ നാട്ടുകാർ ഇതിനെ വിളിച്ചിരുന്നത്. വെള്ളത്തിൽ അമിതമായ നൈട്രേറ്റ് അടങ്ങിയിരിക്കുന്നതായിരിക്കാം ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇത് തന്നെയാണ് മുടി കൊഴിച്ചിലിന് കാരണമെന്ന് ഉറപ്പിക്കാനായിട്ടില്ല.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എഐഐഎംഎസ്) എന്നീ സ്ഥാപനങ്ങൾ വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചിട്ടുണ്ട്. ഭോപാലിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ എൻവയൺമെന്റൽ ഹെൽത്ത് ലബോറട്ടറിയിലും ഡൽഹിയിലെ എയിംസ് ലബോറട്ടറിയിലുമായിരിക്കും സാംപിൾ പരിശോധിക്കുക.
Discussion about this post