ടെൽ അവീവ് : ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്. മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രായേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാകുന്നത്. 15 മാസങ്ങൾ നീണ്ടുനിന്ന യുദ്ധത്തിനു ശേഷമാണ് ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ എത്തുന്നത്.
വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടമായി ബന്ദികളാക്കിയ മൂന്ന് ഇസ്രായേലി സ്ത്രീകളെ മോചിപ്പിക്കുമെന്ന് ഹമാസിൻ്റെ സായുധ വിഭാഗമായ എസെദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് ഏതാനും മണിക്കൂറുകൾക്കു മുൻപാണ് വ്യക്തമാക്കിയത്. ഹമാസ് മോചിപ്പിക്കും എന്ന് പറയുന്നവരുടെ പേരും വിവരങ്ങളും ലഭിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഞായറാഴ്ച രാവിലെയും ഇസ്രായേൽ അറിയിച്ചിരുന്നു. ഇതോടെ വെടിനിർത്തൽ കരാറിന്റെ കാര്യത്തിൽ അനിശ്ചിതത്വം ഉയർന്നിരുന്നു.
തടവിലുള്ള 33 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കും എന്നാണ് ഹമാസ് വെടിനിർത്തൽ കരാറിൽ അറിയിച്ചിട്ടുള്ളത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഇസ്രായേൽ പ്രധാനമന്ത്രിയുമായി മണിക്കൂറുകളോളം നടത്തിയ ചർച്ചയെ തുടർന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടി നിർത്തൽ കരാറിന് വഴങ്ങിയിരുന്നത്. 2023 ഒക്ടോബർ 7 ന് സായുധ ഫലസ്തീൻ സംഘം ഇസ്രായേലിനെ ആക്രമിച്ചതിന് പിന്നാലെ ആരംഭിച്ച സംഘർഷത്തിനാണ് ഒടുവിൽ ആശ്വാസമാകുന്നത്.
Discussion about this post