തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. ഷാരോണിനെ തട്ടിക്കൊണ്ട് പോയതിന് 10 വർഷം തടവും കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ. ഗ്രീഷ്മയുടെ അമ്മാവനും കേസിലെ രണ്ടാം പ്രതിയുമായ നിർമ്മലകുമാരൻ നായർക്ക് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. കേസിൽ തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് അമ്മാവന് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
ജഡ്ജ് എഎം ബഷീറാണ് വിധി പ്രസ്താവിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ് ഇതെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. അതിസമർത്ഥമായി കേസ് അന്വേഷിച്ച പോലീസിന് കോടതി അഭിനന്ദിച്ചു.
പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണമായി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. 586 പേജുകളുള്ള ശിക്ഷാ വിധി ആയിരുന്നു കോടതി തയ്യാറാക്കിയത്. വിധി പ്രസ്താവത്തിന് മുന്നോടിയായി ഷാരോണിന്റെ രക്ഷിതാക്കളെ ജഡ്ജി കോടതി മുറിയിലേക്ക് വിളിപ്പിച്ചിരുന്നു.
മരണക്കിടക്കയിലും പ്രണയിനിയെ സ്‌നേഹിച്ചിരുന്നുവെന്ന് കോടതി വ്യക്തമാക്കി. ഗ്രീഷ്മ ശിക്ഷിക്കപ്പെടണമെന്ന് ഷാരോണിന് ആഗ്രഹം ഉണ്ടായിരുന്നില്ല. ജ്യൂസ് ചലഞ്ചുമായി ഗ്രീഷ്മ എത്തിയപ്പോൾ ഷാരോണിന് സംശയം തോന്നി. ഇതേ തുടർന്നാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത്. ഷാരോണിന് പരാതിയുണ്ടോ ഇല്ലെയോ എന്നത് ഇവിടെ പരിഗണിക്കില്ലെന്നും കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി.
Discussion about this post