കൊൽക്കൊത്ത: ഇന്നലെയാണ് ആർ ജി കർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ശിക്ഷാവിധി വന്നത്. രാജ്യം മുഴുവൻ പ്രതിഷേധത്തിനിരയായ സംഭവത്തിൽ പ്രതിക്ക് മരണം വരെ ജയിൽവാസത്തിനാണ് കോടതി ശിക്ഷിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമല്ലെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് ജീവപര്യന്തം വിധിച്ചത്.
തങ്ങളുടെ മകൾ ക്രൂരമായി കൊല്ലപ്പെട്ട സംഭവം എന്തുകൊണ്ട് അപൂർവങ്ങളിൽ അപൂർവമായ സംഭവമല്ലെന്നാണ് വിധി പ്രസ്താവിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചത്. കൊൽക്കൊത്തയിലെ സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ളപ്പോഴാണ് ഓഗസ്റ്റ് 9ന് എന്റെ മകൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നാണ് വിധി പ്രസ്താവിച്ചപ്പോൾ ജഡ്ജി പറഞ്ഞത്. അന്വേഷണ സംഘത്തിന്റെ പരാജയമാണ് ഇത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് തെളിയിക്കാൻ സിബിഐയ്ക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് പ്രതി സഞ്ജയ് റോയ്ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ നൽകാതിരുന്നത്’- പെൺകുട്ടിയുടെ അമ്മ ചോദിച്ചു.
വിധിയെ ചോദ്യം ചെയ്യുകയല്ലെന്നും എങ്കിലും വിധിയിൽ പൂർണതൃപ്തിയില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി. ‘ഇത്തരത്തിലുള്ള എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. നിയമത്തിൽ വിശ്വാസമുണ്ട്. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതിനായാണ് ഞങ്ങൾ കാത്തിരിക്കുന്നത്. എന്നാൽ, മാത്രമേ ഞങ്ങളുടെ മകളുടെ ആത്മാവിന് ശാന്തി കിട്ടൂ. ഞങ്ങളുടെ മകളുടെ മരണത്തിന് പകരം വയ്ക്കാൻ ഒന്നിനും കഴിയില്ല. ദൈവം ഞങ്ങൾക്ക് തന്ന രത്‌നം എന്നന്നേക്കുമായി ഞങ്ങൾക്ക് നഷ്ടപ്പെട്ടു’- അമ്മ കൂട്ടിച്ചേർത്തു.
Discussion about this post