മുംബൈ: വീട്ടിൽ നടന്ന കവർച്ചാശ്രമത്തിനിടെ മോഷ്ടാവിന്റെ കുത്തേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് താരത്തെ ഡിസ്ചാർജ് ചെയ്തത്. താരം ഉടനെ ബാന്ദ്രയിലെ വീട്ടിലെത്തുമെന്നാണ് വിവരം. കരീന കപൂറും മകൾ സാറ അലി ഖാനും ഡിസ്ചാർജ് സമയത്ത് താരത്തോടൊപ്പം ഉണ്ടായിരുന്നു.
സെയ്ഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ലീലാവതി ആശുപത്രി പ്രസ്താവനയിലൂടെ അറിയിച്ചു. ആരോഗ്യനില പൂർണമായി വീണ്ടെടുക്കുന്നതിനായി താരത്തിന് രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ആറ് മുറിവുകളാണ് താരത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. നട്ടെല്ലിന് സമീപമുണ്ടായ പരിക്കിൽ മറ്റ് പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാനും ശരീരത്തിൽ തറച്ചിരുന്ന കത്തിയുടെ കഷ്ണം നീക്കം ചെയ്യാനും താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. മുറിവുകൾ പൂർണമായും ഭേദമായതിന് ശേഷം മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡോക്ടർമാരുടെ നിർദേശമുണ്ട്.
അതേസമയം, നടനെ ആക്രമിച്ച പ്രതിയെ ഇന്ന് രാവിലെ ബാന്ദ്രയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നടൻ വീട്ടിലേക്ക് തിരിച്ചെതുന്നതിന് മുമ്പ് തെളിവെടുപ്പ് പൂർത്തിയാക്കാനായിരുന്നു പോലീസിന്റെ തീരുമാനം. ഇതനുസരിച്ചാണ ഇന്ന് പുലർച്ചെ തന്നെ തെളിവെടുപ്പ് പൂർത്തിയാക്കിയത്. സെയ്ഫ് വീട്ടിലെത്തുന്നതിന്റെ ഭാഗമായി ബാന്ദ്രയിലെ പോലീസിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, സെയ്ഫിന്റെ ശരീരത്തിൽ നിന്നും കിട്ടിയ കത്തിയുടെ ബാക്കി ഭാഗം എവിടെയെന്ന് പ്രതി ഇതുവരെയും പറഞ്ഞിട്ടില്ല.
Discussion about this post