പൂനെ: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി മരണങ്ങൾ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്. പൂനെ ഐഐടിഎമ്മിലെ കാലാവസ്ഥാ ശാസ്ത്രഞജ്ഞരായ ഡോ. റോക്‌സി മാത്യു കോൾ, സോഫിയ യാക്കൂബ് എന്നിവർ ചേർന്ന് നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. കാലാവസ്ഥയിലെ വ്യതിയാനമാണ് ഡെങ്കിപ്പനി ബാധയ്ക്ക് കാരണം ആകുന്നത് എന്നും ഇവർ പറഞ്ഞുവയ്ക്കുന്നു.
നേച്ചർ സയൻസ് മാസികയിലാണ് ഗവേഷകർ ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. പൂനെ നഗരം കേന്ദ്രീകരിച്ചായിരുന്നു പഠനം. 27 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനിലയും അതിനൊപ്പം മിതമായ മഴ ലഭിക്കുകയും, അന്തരീക്ഷ ഈർപ്പം 60- 80 ശതമാനത്തിന് ഇടയിൽ നിൽക്കുകയും ചെയ്താൽ അവിടെ ഡെങ്കിപ്പനി വ്യാപനത്തിന് സാദ്ധ്യത വളരെ കൂടുതൽ ആണെന്നാണ് ഇവരുടെ കണ്ടെത്തൽ. ഈ മഴയും ചൂടും അന്തരീക്ഷവും മുട്ടയിട്ട് പെരുകാൻ കൊതുകുകൾക്ക് അനുകൂലമാണ്. അതേസമയം 150 മില്ലീ ലിറ്ററിൽ കൂടുതൽ മഴ ഒരു പ്രദേശത്ത് ലഭിച്ചാൽ അവിടെ കൊതുകുകൾ ഉണ്ടാകില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
നിലവിൽ കേരളം, മഹാരാഷ്ട്ര, ബംഗാൾ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡെങ്കി കേസുകൾ വർദ്ധിക്കുകയാണ്. ഇവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post