ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ഷരീഫുളിന്റെ ശ്രമം കൊല്‍ക്കത്തയ്ക്കടുത്തുള്ള ഹൗറയിലേക്കും അവിടെ നിന്ന് ബംഗ്ലാദേശിലേക്കും രക്ഷപ്പെടാനായിരുന്നുവെന്ന് പോലീസ്. എന്നാല്‍ ഹൗറയിലേക്കുള്ള ട്രെയിന്‍ ടിക്കറ്റിനായി ഷരീഫുള്‍ ഒരു ട്രാവല്‍ ഏജന്റിനെ സമീപിച്ചില്ലെങ്കിലും കുറഞ്ഞസമയത്തിനുള്ളില്‍ ടിക്കറ്റ് കിട്ടണമെങ്കില്‍ കൂടുതല്‍ പണം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ, അതിന് മുമ്പ് പോലീസ് പിടിയിലായി.
തെളിവെടുപ്പിനും സംഭവം പുനരാവിഷ്‌ക്കരിക്കാനും പ്രതിയെയുംകൊണ്ട് കഴിഞ്ഞദിവസം പോലീസ് നടന്റെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് എ.സിയുടെ ഭാഗംവഴിയും കോണിപ്പടിവഴിയും താന്‍ അകത്തേക്ക് കടന്നതും രക്ഷപ്പെട്ടതും എങ്ങനെയെന്ന് ഇയാള്‍ പോലീസിന് കാണിച്ചുകൊടുത്തു.
മുറിയിലേക്ക് കടക്കുമ്പോഴുള്ള തന്റെ കാലടിശബ്ദം കേള്‍ക്കാതിരിക്കാന്‍ ഷൂസഴിച്ച് ബാഗിലിട്ടതായും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായും ഷരീഫുള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. മുഖാവരണവും ധരിച്ചിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷരീഫുള്‍ ഉപേക്ഷിച്ച മുഖാവരണം പോലീസ് മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പ്രതി രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് ഒരാള്‍ ബൈക്കില്‍നിന്ന് ഇറങ്ങുന്ന സി.സി.ടി.വി ദൃശ്യം പോലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഇതിന്റെ നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍ പ്രതി വാടകയ്ക്ക് താമസിക്കുന്ന വോര്‍ലി കോലിവാഡയിലെ സ്ഥലത്ത് പോലീസ് എത്തുകയും ചെയ്തു. ഫോണ്‍നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണവും പോലീസ് നടത്തി. പ്രദേശത്തെ കുറ്റിക്കാട്ടില്‍ മണിക്കൂറുകളോളം ഒളിച്ച പ്രതിയെ പോലീസ് പിന്നീട് വളയുകയായിരുന്നു.
Discussion about this post