ന്യൂഡൽഹി: അതിർത്തിയിൽ പ്രതിരോധം ശക്തമാക്കാനുള്ള നടപടികൾ കടുപ്പിത്ത് ഇന്ത്യ. പാകിസ്താനിൽ നിന്ന് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ദ്രുതഗതിയിലുള്ള ഈ നടപടി. അതിർത്തിയിൽ ഭീകരർ തുരങ്കങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ട് അത് ചെറുക്കാനുള്ള നടപടികൾക്കാണ് മുൻതൂക്കം നൽകുന്നത്. ഇതിനായുള്ള ശ്രമങ്ങൾ അതിർത്തി രക്ഷാ സേന ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
അതിർത്തി കടന്നുള്ള തുരങ്കങ്ങൾ നിർമ്മിക്കുന്നത് ശാസ്ത്രീയമായി തടയാനുള്ള മാർഗങ്ങളാണ് സേന കൂടുതലായും സ്വീകരിക്കുന്നത്. തുരങ്ക നിർമ്മണത്തിന് സാദ്ധ്യത കൂടിയ സ്ഥലങ്ങളെപ്പറ്റി നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു.
പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ 33 കിലോമീറ്റർ ഭാഗത്ത് തുരങ്കങ്ങൾ വഴിയുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനായി കിടങ്ങുകൾ കുഴിക്കുന്നുണ്ട്. ഇതിൽ 25 കിലോമീറ്റർ ഭാഗത്ത് നിർമ്മാണം പൂർത്തിയായി. ശേഷിക്കുന്ന ഭാഗത്തെ കിടങ്ങുനിർമ്മാണവും ഉടൻ പൂർത്തിയാക്കുമെന്നാണ് വിവരം. നൂതന യന്ത്രസംവിധാനങ്ങളാണ് ഇതിനായി ഉപയോഗിച്ച് വരുന്നത്. നാലടി വീതിയും പത്തടി ആഴവുമുള്ള കിടങ്ങുകളാണ് അതിർത്തിയിൽ നിർമ്മിക്കുന്നത്.
പ്രദേശങ്ങളിൽ ശക്തമായ നിയന്ത്രണം നിലനിർത്തുന്നതിനായി ആന്റി-ഇൻഫിൽട്രേഷൻ റോളുകളിൽ കൂടുതൽ ബറ്റാലിയനുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.കൂടുതൽ മികച്ച നിരീക്ഷണത്തിനായി സിസിടിവി/പിടിസെഡ്, ബുള്ളറ്റ് ക്യാമറകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
Discussion about this post